പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് ഔദ്യോഗികമായി തുടക്കമാകും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
പ്രോടെം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന നേതാവ് ജി. സുധാകരനാണ് ജനപ്രതിനിധികൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക.
നാളെയാണ് സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക.
കഴിഞ്ഞ ദിവസമാണ് പതിനാറാം നിയമസഭയുടെ ആദ്യ എംഎൽഎയായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തത്.
ലോക്ഭവനിൽ വച്ച് നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി.ഡി. സതീശനും ചടങ്ങിൽ പങ്കെടുത്തിരുന്നു.
29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നിശ്ചയിച്ചിരിക്കുന്നത്. ജൂൺ ഒന്നുമുതൽ മൂന്നു വരെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ മേലുള്ള ചർച്ചകൾ നടക്കും.
അഞ്ചിന് സമ്പൂർണ ബജറ്റ് അവതരിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഈ സഭാ സമ്മേളനത്തിൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി പൊതുജനത്തെ അറിയിക്കാൻ ധവളപത്രവും ഇറക്കുന്നുണ്ട്.
















