യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നയതന്ത്ര ചർച്ചകൾക്കായാണ് മാർക്കോ റൂബിയോ ഇന്ത്യയിൽ എത്തിയത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ കൊൽക്കത്തയിൽ എത്തിയ റൂബിയോ, മദർ തെരേസയുടെ ഹൗസ് സന്ദര്‍ശിച്ച ശേഷമാണ് ഡൽഹിയിൽ എത്തിയത്.യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി അധികാരമേറ്റ ശേഷം റൂബിയോയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണ് ഇത്. നാല് ദിവസത്തെ സന്ദർശനത്തിനായാണ് മാർക്കോ റൂബിയോ ഇന്ത്യയിലെത്തിയത്. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും റൂബിയോ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
യുഎസ്-ഇറാൻ യുദ്ധം, ഊർജ്ജ പ്രതിസന്ധി, സാമ്പത്തിക പ്രത്യാഘാതങ്ങൾ, അധിക തീരുവ തുടങ്ങിയ വിഷയങ്ങൾ നയതന്ത്ര ചർച്ചയുടെ ഭാഗമായെന്നാണ് റിപ്പോർട്ടുകൾ. കൂടിക്കാഴ്ചയ്ക്ക് ശേഷം മോദിയും റൂബിയോയും പ്രതികരിച്ചു. ഇന്ത്യ-അമേരിക്ക ബന്ധം ശക്തമായി മുന്നോട്ട് പോകുമെന്നാണ് മോദി പ്രതികരിച്ചത്. പ്രാദേശികവും ആഗോളവുമായ സമാധാനവും സുരക്ഷയും സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ചയായെന്നും മോദി പറഞ്ഞു. ഇന്ത്യ തങ്ങളുടെ പ്രധാനപ്പെട്ട സഖ്യകക്ഷിയാണെന്നും ഇന്ത്യയുമായി ചേർന്ന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നുമായിരുന്നു റൂബിയോ പറഞ്ഞത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വേണ്ടി പ്രധാനമന്ത്രി മോദിയെ റൂബിയോ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു. മോദി-റൂബിയോ കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം സമയം നീണ്ടുനിന്നു. അതിനിടെ, മോദി-റൂബിയോ കൂടിക്കാഴ്ചയില്‍ വ്യാപാരം, സുരക്ഷ അടക്കമുള്ള പ്രധാന വിഷയങ്ങള്‍ ചര്‍ച്ചയായതായി അമേരിക്കന്‍ സ്ഥാനപതി സെര്‍ജിയോ ഗോര്‍ പറഞ്ഞു. ഇന്ത്യ-യുഎസ് സഹകരണം ശക്തമായി മുന്നോട്ട് പോകും. ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളിയാണെന്നും സെര്‍ജിയോ ഗോര്‍ കൂട്ടിച്ചേര്‍ത്തു.
us-state-secretary-marco-rubio-meets-modi-during-india-visit
















