ചെറിയ പ്രായത്തിൽ തന്നെ ഭർത്താവിന്റെ ക്രൂരപീഡനത്തിന് വിധേയയതിനെതുടർന്ന് രണ്ടു വർഷമായി ചികിത്സയിൽ കഴിയുന്ന പാലോട് കാരിമൺകോട് റോഡരികത്ത് വീട്ടിൽ ആമിനയ്ക്ക് സാന്ത്വനവുമായി കേരള വനിതാ കമ്മീഷൻ. കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി , അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആമിനയുടെ വീട്ടിലെത്തിയത്. നിയമസഹായത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി മുഖേനെ ഉറപ്പാക്കുമെന്ന് അധ്യക്ഷ പറഞ്ഞു.
ഭർത്താവ് ഉപദ്രവിച്ചതിനെ തുടർന്നുള്ള ശാരീരിക ബുദ്ധിമുട്ടുകൾക്ക് പുറമെ അർബുദ രോഗവും ആമിനയെ ബുദ്ധിമുട്ടിലാക്കുന്നു. ഏക സഹോദരൻ രണ്ട് വർഷം മുൻപ് അപകടത്തിൽ മരണമടഞ്ഞിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനായ അച്ഛന്റെ തുച്ഛമായ വരുമാനം ചികിത്സാ ചെലവുകൾക്ക് മതിയാകുന്നില്ല. സാഹചര്യം മനസിലാക്കുന്നുവെന്നും സർക്കാരിൽ നിന്നുള്ള പരവമാവധി സഹായത്തിന് കമ്മീഷൻ ശുപാർശ നൽകുമെന്നും കമ്മീഷൻ ആമിനയ്ക്ക് ഉറപ്പ് നൽകി.
ഒന്നരവയസുള്ള കുട്ടിയെ മർദ്ദിച്ച് കൊലപ്പെടുത്തിയകേസിൽ കഴിഞ്ഞയാഴ്ച്ച അറസ്റ്റിലായ എ അഷ്‌കർ ആയിരുന്നു ആമിനയുടെ ഭർത്താവ്. അയാളിൽ നിന്നുള്ള പീഡനമാണ് ചെറിയ പ്രായത്തിൽ തന്നെ ആമിനയെ വീൽചെയറിലേക്ക് എത്തിച്ചത്. സങ്കടങ്ങൾക്ക് മുന്നിൽ ഉരുകിപ്പോകരുതെന്നും ജീവിതത്തിൽ സന്തോഷം തിരികെയെത്തുമെന്ന പ്രത്യാശയും നൽകിയാണ് അധ്യക്ഷയും സംഘവും മടങ്ങിയത്.
















