മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അടുത്തിടെ റെയ്ഡ് നടത്തി. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) മാസപ്പടി വിവാദവുമായി ബന്ധപ്പെട്ടാണ് ഈ പരിശോധനകൾ നടന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മരുമകൻ മുഹമ്മദ് റിയാസിന്റെയും വീടുകൾ അടക്കം 12 ഇടത്താണ് ഇഡി റെയ്ഡ് നടക്കുന്നത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ സ്വന്തം വീട്ടിലും പരിശോധന നടന്നു. ഇഡി സംഘം വീണയുടെ മൊഴിയെടുത്തു. പിണറായിയുടെ മരുമകൻ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്, സിഎംആര്‍എല്‍ എംഡി കരിമണൽ കർത്തയുടെ ആലുവയിലെ വീട്, സിഎംആര്‍എല്‍ ഓഫീസ്, പിണറായിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുടെ ബംഗളൂരു ഓഫീസ്, കർത്തയുടെ കുടുംബാംഗങ്ങൾ ഡയറക്ടർമാരായ മറ്റു രണ്ടു കമ്പനികളുടെ ഓഫീസ് എന്നിവിടങ്ങളിൽ എല്ലാം പരിശോധന നടന്നിരുന്നു. റെയ്ഡിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം, ഇഡി തന്നോട് ഒന്നും ചോദിച്ചില്ലെന്നും മകൾ വീണ വിജയന്റെ ഒരു അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ടെന്നും സ്ഥിരീകരിച്ചു. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടുള്ള ബോധപൂർവമായ രാഷ്ട്രീയ ആക്രമണമാണിതെന്നും ഇത്തരം നടപടികൾ തങ്ങളെ തളർത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, രാജ്യത്തെ പ്രതിപക്ഷ നേതാക്കളിൽ ഏറ്റവും സമ്പന്നൽ പിണറായി വിജയനാണെന്ന ഒരു ന്യൂസ് കാർഡ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. റിപ്പോർട്ടർ ടിവിയുടെ പേരിൽ പ്രചരിക്കുന്ന കാർഡിൽ 566 കോടിയാണ് പിണറായിയുടെ ആസ്തിയെന്നുമുണ്ട്.
വസ്തുത പരിശോധന:
രാജ്യത്തെ പ്രതിപക്ഷ നേതാക്കളിൽ ഏറ്റവും സമ്പന്നൽ പിണറായി വിജയനാണെന്ന പ്രചാരണം വ്യാജമാണ്. റിപ്പോർട്ടർ ടിവിയുടെ കാർഡ് എഡിറ്റ് ചെയ്താണ് പ്രചാരണം.
വൈറല്‍ കാര്‍ഡില്‍ നല്‍കിയിട്ടുള്ളത് പോലെ ഒരു വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവി നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിച്ചു. റിവേഴ്സ് ഇമേജ് പരിശോധനയിൽ സമാന പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ ചിത്രമുൾപ്പടെയുള്ള റിപ്പോർട്ടർ ടിവി വാർത്താ കാർഡ് ലഭിച്ചു. ‘മത്സരിക്കാനുള്ള ടേം വ്യവസ്ഥ പ്രഹസനമാക്കി ഇളവുകൾ പിണറായി വിജയന് മാത്രമാക്കി. സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം എന്നാണ് കാർഡിലെ വാർത്ത. വൈറൽ കാർഡിൽ ഉപയോഗിച്ച ഫോണ്ട് റിപ്പോർട്ടർ ടിവിയുടെ ഫോണ്ടുമായി വ്യത്യാസമുണ്ട്. തീയതിയും മാറ്റമുണ്ടെന്ന് കാണാം. മെയ് 21 ആണ് വൈറൽ കാർഡിലെ തീയതിയെങ്കിൽ മെയ് 17 ആണ് യഥാർഥ കാർഡിലെ തീയതി. പ്രചാരണത്തിലുള്ള വാർത്തയല്ല യഥാർഥ കാർഡിലെന്ന് വ്യക്തം. ഇരു കാർഡുകളുടെയും താരതമ്യം ചുവടെ.
തുടർന്ന് നടത്തിയ പരിശോധനയിൽ വൈറല്‍ കാര്‍ഡ് വ്യാജമാണെന്ന് വ്യകമാക്കി റിപ്പോര്‍ട്ടര്‍ നല്‍കിയിട്ടുള്ള സമൂഹ മാധ്യമ പോസ്റ്റും ലഭിച്ചു. ‘റിപ്പോര്‍ട്ടറിന്റെ പേരില്‍ വ്യാജ കാര്‍ഡുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും’ എന്ന വിശദീകരണത്തോടെയാണ് ചാനലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.
പിണറായി വിജയൻ്റെ ആസ്തി വിവരങ്ങളെ കുറിച്ച് അന്വേഷിച്ചു. 2026ലെ നിയസഭാ തിരഞ്ഞെടുപ്പിനു വേണ്ടി പിണറായി വിജയന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിച്ചപ്പോൾ പിണറായി വിജയനും ഭാര്യ കമലയ്ക്കും ചേര്‍ത്ത് 1.97 കോടി രൂപയാണ് ആകെ ആസ്തിയുള്ളത്. പിണറായി വിജയന് മാത്രമായി ജംഗമ ആസ്തി 45,35,620/ രൂപയും സ്ഥാവര ആസ്തി 56,02,000/ രൂപയുമാണുള്ളത്. ആകെ ആസ്തി 1.01 കോടി രൂപ (1,01,37,620/). ഭാര്യ കമലയ്ക്ക് 96.58 ലക്ഷം (96,58,442/) രൂപയുമാണ് ആകെ ആസ്തി. സ്ഥാവര ആസ്തി 60.58 ലക്ഷം (6058442/), ജംഗമ ആസ്തി 36 ലക്ഷം (3600000/). ആസ്തി വിവരം ചുവടെ.
ഇതോടെ, പ്രതിപക്ഷ നേതാവ് പിണറായി വിജയന് 566 കോടി രൂപയുടെ ആസ്തിയുണ്ടെന്ന രീതിയില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. റിപ്പോര്‍ട്ടര്‍ ടിവി ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് വ്യക്തമായി