ഡല്‍ഹിയില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കൂടിക്കാഴ്ച നടത്തി. അഭിഷേക് ബാനര്‍ജിയുടെ വസതിയിലാണ് കൂടിക്കാഴ്ച. നാളത്തെ ഇന്ത്യ സഖ്യ യോഗത്തില്‍ പങ്കെടുക്കാനാണ് മമത ഡല്‍ഹിയിലെത്തിയത്. തൃണമൂലിന്റെ കീര്‍ത്തി ആസാദ് എം പിയും ഡല്‍ഹിയില്‍ മമത ബാനര്‍ജിയെ കാണാനെത്തി. മരണം വരെ മമതയ്‌ക്കൊപ്പം എന്ന് കീര്‍ത്തി ആസാദ് പ്രതികരിച്ചു. വഞ്ചകര്‍ എന്തുവേണമെങ്കിലും ചെയ്യട്ടെ തൃണമൂല്‍ കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല എന്നും കീര്‍ത്തി ആസാദ് പറഞ്ഞു.
ഉച്ചയ്ക്ക് 12 മണിക്ക് ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലാണ് ഇന്ത്യ സഖ്യത്തിന്റെ യോഗം ചേരുക. യോഗത്തില്‍ നിന്ന് ഡിഎംകെ വിട്ടു നില്‍ക്കും. കോണ്‍ഗ്രസിനെതിരെയുള്ള അതൃപ്തി സിപിഐഎം നേരിട്ട് അറിയിക്കും. 23 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഇന്ത്യ സഖ്യം എന്നും ഐക്യത്തോടെ നിലകൊള്ളുന്നു എന്ന് ജയറാം രമേശ് പറഞ്ഞു. ചിലര്‍ തിരക്കുകള്‍ മൂലം അസൗകര്യം അറിയിച്ചു. എന്നാല്‍ എല്ലാവരും NDA സര്‍ക്കാരിന്റെ നയങ്ങളോടും നടപടികളോടും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
മുന്നണി മര്യാദ പാലിക്കാതെ കോണ്‍ഗ്രസ് എടുത്ത തീരുമാനങ്ങളാണ് ഡിഎംകെയിലും ജെഎംഎമ്മിലും സിപിഐഎമ്മിലും അതൃപ്തി പുകയാന്‍ കാരണം. എന്‍സിപി ശരത് പവാര്‍ പക്ഷവും ശിവസേന ഉദ്ധവ് താക്കറെ പക്ഷവും പങ്കെടുത്തേക്കില്ല. കേരളത്തില്‍ സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടെന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ പ്രചരണം നടത്തിയതില്‍ കോണ്‍ഗ്രസിനോട് സിപിഐഎം ദേശീയ നേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്.
Story Highlights : Mamata Banerjee meets Arvind Kejriwal
















