Kerala

സ്ത്രീകളേ യാത്രാ സൗജന്യം ഒണ്‍ലി ഓര്‍ഡിനറി ബസുകളില്‍ മാത്രം: ആശ്വസം, രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും ഉണ്ടെന്ന മന്ത്രിയുടെ വാക്ക്

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ഓര്‍ഡിനറി ബസുകളില്‍ മാത്രം. ആദ്യഘട്ടമായാണ് ഇത്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്താനും അന്തിമ തീരുമാനമെടുക്കുന്നതിനുമായി ഗതാഗത മന്ത്രി ഇന്ന് മുഖ്യമന്ത്രിയുമായി നിര്‍ണായക ചര്‍ച്ച നടത്തും. ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ ഓര്‍ഡിനറി ബസ്സുകളില്‍ പദ്ധതി നടപ്പിലാക്കും. ഇതിനുശേഷം വിലയിരുത്തല്‍ നടത്തിയശേഷം മറ്റു ബസ്സുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്ന നഷ്ടം നികത്തുന്നത് പഠിക്കാന്‍ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ഓര്‍ഡിനറി ബസുകളില്‍ മാത്രം സൗജന്യ യാത്ര അനുവദിച്ച് 100 ദിവസം ഇതിന്റെ പ്രായോഗികതയും സാമ്പത്തിക വശങ്ങളും വിശദമായി പഠിക്കാനാണ് നിലവിലെ ധാരണ. ഈ വിലയിരുത്തലുകള്‍ക്ക് ശേഷമായിരിക്കും കൂടുതല്‍ ബസുകളിലേക്ക് മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കുക. പദ്ധതിയുടെ വ്യാപ്തിയെക്കുറിച്ച് മുന്‍ മന്ത്രിസഭാ യോഗങ്ങളില്‍ അന്തിമ തീരുമാനമെടുത്തിരുന്നില്ല. എന്നാല്‍ ആദ്യഘട്ടം ഓര്‍ഡിനറി ബസുകളില്‍ മാത്രമായി പരിമിതപ്പെടുത്താനാണ് ഗതാഗത വകുപ്പിന്റെ പ്രാഥമിക തീരുമാനം. ഈ രീതിയിലാണെങ്കില്‍ കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാന്‍ പ്രതിമാസം 57 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചാല്‍ മതിയാകും.

അതേസമയം, ഓര്‍ഡിനറി ബസുകളില്‍ മാത്രം സൗജന്യ യാത്ര അനുവദിക്കുന്നത് വടക്കന്‍ ജില്ലകളില്‍ കാര്യമായ പ്രയോജനം ചെയ്യില്ലെന്ന പരാതി ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. ഓര്‍ഡിനറി സര്‍വീസുകള്‍ കുറഞ്ഞ ഈ ജില്ലകളിലെ സ്ത്രീകള്‍ക്ക് പദ്ധതിയുടെ ഗുണം പൂര്‍ണമായി ലഭിക്കണമെങ്കില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിലും യാത്രാസൗജന്യം അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. മുഖ്യമന്ത്രിയുമായുള്ള ഇന്നത്തെ ചര്‍ച്ചയില്‍ ഗതാഗത മന്ത്രി ഈ വിഷയങ്ങള്‍ അവതരിപ്പിക്കും.

പദ്ധതി നടപ്പിലാക്കുമ്പോള്‍ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ നല്‍കേണ്ട തുക കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെഎഫ്‌സി) വഴി വായ്പയായി ലഭ്യമാക്കാനാണ് നിലവിലെ നീക്കം. വായ്പയുടെ പലിശ നിരക്കും വ്യവസ്ഥകളും നിശ്ചയിക്കാന്‍ കെഎഫ്‌സി പ്രതിനിധികളും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്നത്തെ ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ ഉള്‍പ്പെടുത്തി ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുത്ത് ഉത്തരവിറക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര. ഏതൊക്കെ ബസില്‍ പദ്ധതി നടപ്പാക്കിയാല്‍ എത്ര രൂപ വീതം ചെലവു വരുമെന്ന കണക്കുകള്‍ കെഎസ്ആര്‍ടിസി കൈമാറിയിരുന്നു. മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാല്‍ 3 മാസത്തെ നഷ്ടം 112 കോടിരൂപയാണ്. ഓര്‍ഡിനറി ബസില്‍ മാത്രമാക്കിയാല്‍ 57 കോടി, സിറ്റി ഫാസ്റ്റ്, ഓര്‍ഡിനറി എന്നിവയില്‍ നടപ്പാക്കിയാല്‍ 65 കോടി, ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് എന്നിവയില്‍ നടപ്പാക്കിയാല്‍ 90 കോടി എന്നിങ്ങനെയാണു നഷ്ടം കണക്കാക്കിയിരിക്കുന്നത്.

ശമ്പളത്തിനും പെന്‍ഷനുമുള്ള സാമ്പത്തിക സഹായത്തിനു പുറമേ ഈ തുക കൂടി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കേണ്ടിവരും. പ്രതിദിനം 10 മുതല്‍ 12 വരെ ലക്ഷം വനിതകള്‍ കെഎസ്ആര്‍ടിസിയില്‍ സഞ്ചരിക്കുന്നുവെന്നാണ് കണക്ക്. പദ്ധതി നടപ്പാക്കുന്നതോടെ കൂടുതല്‍ വനിതകള്‍ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് ഗതാഗതമന്ത്രി സി.പി.ജോണ്‍ പറഞ്ഞു. എല്ലാ സ്ത്രീകള്‍ക്കും സൗജന്യയാത്ര അനുവദിക്കും. എപിഎല്‍, ബിപിഎല്‍ വ്യത്യാസമുണ്ടാകില്ല. ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിനും സൗജന്യയാത്ര അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. തുക സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് റീഫണ്ട് ചെയ്യും. 15ന് പദ്ധതി ആരംഭിക്കും. കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.