Kerala

കാപ്പ പ്രതിയെ പോലീസ് വെടിയുതിര്‍ത്ത് പിടിച്ചു: സുഗതന്‍ നഗരസഭാ കൗണ്‍സിലര്‍; രാത്രിയില്‍ വന്‍ സംഘര്‍ഷം

രാഷ്ട്രീയത്തിന്റെ സംശുദ്ധി നഷ്ടമായിട്ട് കാലം കുറേയായി. ദേശീയ രാഷ്ട്രീയത്തില്‍ നിരവധി ക്രിമിനലുകളും ക്രിമിനല്‍ ആക്ടിവിറ്റീസും നിയമപരമായും അല്ലാതെയും ചെയ്യുന്നവരും ചെയ്തിരുന്നവരും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്തിന്, അന്തരിച്ച കാട്ടുകള്ളന്‍ വീരപ്പന്‍ പോലും വീരപരിവേഷത്തോടെ രാഷ്ട്രീയ പ്രവേശനം ആലോചിച്ചിരുന്നു. ചമ്പല്‍ കൊള്ളക്കാരി ഭൂലാന്‍ദേവി എം.പിയായി. കാലിത്തീറ്റ കുംഭകോണം മുതല്‍ ബലാത്സംഘ വീരന്‍മാര്‍ വരെ കേന്ദ്ര മന്ത്രിയായും, രാജ്യസഭാ എം.പിമാരായും വിരാജിച്ച രാജ്യമാണ്. സമാന ചിന്താഗതി ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കും പകര്‍ന്നിട്ടുണ്ടെങ്കില്‍ അത് യാദൃശ്ചികം മാത്രം.

ഇന്നലെ കേരള തലസ്ഥാനത്തെ നഗരസഭയിലെ ഒരു കൗണ്‍സിലറെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റുചെയ്ത് ജയിലില്‍ അടച്ചു. അതുണ്ടാക്കിയ പ്രകമ്പനം ചെറുതല്ല. കാപ്പ കേസില്‍ ഉള്‍പ്പെട്ട, നിരവധി ക്രിമിനല്‍ കേസുകളില്‍ ഇടപെട്ട ഒരാള്‍ ജനപ്രതിനിധി ആയതെങ്ങനെ എന്നതു മുതല്‍ പോലീസ് അറസ്റ്റിനിടയില്‍ വെടിവെയ്പ്പുണ്ടായതു വരെയുള്ള കാര്യങ്ങള്‍ വടക്കേയിന്ത്യയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ രാഷ്ട്രീയം ദേശീയ രാഷ്ട്രീയവുമായി അഭേദ്യമായ ബന്ധവുമുണ്ട് എന്നതാണ് ഭയപ്പെടുത്തുന്നത്. രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ കേരളത്തിലെ തലസ്ഥാന നഗരസഭയിലെ കൗണ്‍ലര്‍ കൂടിയാണെന്ന് മനസ്സിലാക്കുമ്പോള്‍ വിഷയത്തിന്റെ ആഴം അറിയാനാകും.

വധശ്രമക്കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട് ഒളിവിലായിരുന്നു ബി.ജെ.പി കൗണ്‍സിലര്‍. ഇയാളെ നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് പൊലീസ് പിടികൂടിയത്. വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.സുഗതനെയാണ് വട്ടിയൂര്‍ക്കാവ് പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. കൗണ്‍സിലറെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ വളഞ്ഞതോടെ വട്ടിയൂര്‍ക്കാവ് എസ്.എച്ച്.ഒ എ.സി. വിപിന്‍ ആകാശത്തേക്ക് വെടിവച്ചു ഭയപ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്. വധശ്രമക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന സുഗതനു കഴിഞ്ഞദിവസം ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. ഇതോടെയാണ് സുഗതനെ അറസ്റ്റ് ചെയ്യാന്‍ വട്ടിയൂര്‍ക്കാവ് എസ്.എച്ച്.ഒ വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ രാത്രി പത്തോടെ വട്ടിയൂര്‍ക്കാവ് ചിത്രാ നഗറിലെത്തിയത്.

എന്നാല്‍ സുഗതന്റെ അനുയായികളായ ബിജെപി പ്രവര്‍ത്തകര്‍ പൊലീസിനെ വളഞ്ഞതോടെ പ്രദേശത്ത്  സഘര്‍ഷാവസ്ഥയുണ്ടായി. പ്രവര്‍ത്തകര്‍ പൊലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. തുടര്‍ന്ന് എസ്.എച്ച്.ഒ ആകാശത്തേക്ക് വെടിവച്ച് ആളുകളെ പിന്തിരിപ്പിച്ച ശേഷമാണ് സുഗതനെ പിടികൂടിയത്. മുന്‍പ് പത്തോളം കേസുകളില്‍ പ്രതിയായ ആര്‍.സുഗതനെതിരെ കളക്ടര്‍ കാപ്പ ചുമത്തിയിരുന്നു. ഇതിനുശേഷമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ വാഴോട്ടുകോണം വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചത്. രണ്ടു മാസം മുന്‍പ് ക്ഷേത്രോത്സവത്തിനിടെ രണ്ടുപേരെ ആക്രമിച്ച് പരുക്കേല്‍പിച്ച കേസിലാണ് അറസ്റ്റ്. സുഗതനാണ് കേസിലെ ഒന്നാം പ്രതി. സുഗതന്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് മര്‍ദ്ദനത്തിന് ഇരയായവര്‍ പൊലീസില്‍ മൊഴി നല്‍കിയതെങ്കില്‍, ക്ഷേത്രോത്സവം അലങ്കോലമാക്കാന്‍ ശ്രമിച്ചവരെ കൗണ്‍സിലര്‍ തടഞ്ഞെന്നായിരുന്നു ബി.ജെ.പിയുടെ വാദം.

സംഭവത്തിനു പിന്നാലെ ഒളിവില്‍ പോയ സുഗതന്‍ പിന്നീട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗങ്ങളിലൊന്നും പങ്കെടുത്തിരുന്നുമില്ല. സുഗതന്റെ അറസ്റ്റിനു പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ രാത്രി പ്രതിഷേധവുമായി വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലേക്കുമെത്തി. കാറില്‍ സ്റ്റേഷനിലേക്കെത്തിച്ച കൗണ്‍സിലറെ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം തുടര്‍ന്ന് ബസിലാണ് പൊലീസ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയത്. താന്‍ ചിക്കന്‍പോക്‌സ് ബാധിച്ച് ചികിത്സയിലാണെന്ന് അറിയിച്ചിട്ടും പൊലീസ് അതു പരിഗണിച്ചില്ലെന്ന് ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ സുഗതന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

Latest News