പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടത്തിനുമേല്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് കോണ്‍ഗ്രസ് കൗണ്‍സിലേഴ്‌സ്. യുഡിഎഫ് നേതാക്കള്‍ വിളിച്ച ചര്‍ച്ചയിലാണ് കൗണ്‍സിലര്‍മാരുടെ പ്രതികരണം. രേഖാമൂലം കൗണ്‍സിലേഴ്‌സ് യുഡിഎഫ് നേതാക്കള്‍ക്ക് കത്ത് നല്‍കി.കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവവികാസങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും കൗണ്‍സിലര്‍മാര്‍ക്കും അപമാനമുണ്ടാക്കുന്നതെന്ന് കത്തില്‍ പറയുന്നു. യുഡിഎഫ് ഭരണം എന്ന് പറയാമെങ്കിലും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കോ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കോ യാതൊരുവിധ റോളും ഭരണത്തില്‍ ഇല്ലായിരിക്കുന്നു.
സംസ്ഥാന ഭരണത്തിനും യുഡിഎഫ് എംഎല്‍എ ജയിക്കുന്നതിന് വേണ്ടിയും യാതൊരുവിധ അപസ്വരങ്ങളും ഉണ്ടാകാതെ യുഡിഎഫ് നേതാക്കള്‍ പറഞ്ഞതനുസരിച്ച് മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കെതിരെ വാക്കേറ്റവും കൈയേറ്റശ്രമവും വരെയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാരുടെയും സഗരസഭ ജീവനക്കാരന്റെയും സാന്നിധ്യത്തില്‍ മൊഴിയെടുത്തിട്ടും ഒരു കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ മോഷണം ഉള്‍പ്പടെയുള്ള കള്ളക്കേസ് ചെയര്‍പേഴ്‌സണ്‍ കൊടുക്കുകയും മാധ്യമങ്ങളെ വിളിച്ച് വരുത്തി വാര്‍ത്ത നല്‍കി അപമാനിക്കുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനുവിലും സ്വതന്ത്രകൂട്ടായ്മയിലുമുള്ള വിശ്വാസം ഞങ്ങള്‍ക്ക് പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നു – കത്തില്‍ പറയുന്നു. അതേസമയം, സ്വതന്ത്ര നിലപാട് തുടരുമെന്ന് ബിനു പുളിക്കക്കണ്ടം പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ വോട്ട് വാങ്ങി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് തുടരില്ല. തങ്ങളുടെ വോട്ട് വാങ്ങി മറ്റൊരുപക്ഷം ചെയര്‍മാന്‍ സ്ഥാനത്ത് എത്തില്ല. കോണ്‍ഗ്രസ് എതിര്‍പ്പ് ഉന്നയിച്ചത് എന്തുകൊണ്ടെന്നറിയില്ല. എല്ലാ കാര്യവും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുമായി ആലോചിച്ചാണ് എടുത്തിട്ടുള്ളത്. ആറുമാസം യുഡിഎഫ് നല്‍കിയ പിന്തുണയ്ക്ക് നന്ദി – ബിനു പറഞ്ഞു.
Story Highlights : Congress councillor says they have lost faith in Diya Binu
















