News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഐ.പി ബിനു അടക്കം 7 പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട റെയ്ഡിനിടെ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഐ.പി ബിനു അടക്കം ഏഴ് പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് 5 മണി വരെയാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

​ഐ.പി ബിനു, രേവന്ത്, ലെനിൻ രാജ്, നന്ദു. ജി. ആർ, രാഹുൽരാജൻ, വൈശാഖ്, രാഹുൽ എന്നിവരെയാണ് കോടതി കസ്റ്റഡിയിൽ വിട്ടത്. പ്രതിപ്പട്ടികയിലുള്ള ഐ.പി ബിനുവിന്
രക്തസമ്മർദമുള്ളതിനാൽ ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കണമെന്ന് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടു. ​പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ നടന്ന ഇഡി റെയ്ഡിന് പിന്നാലെയായിരുന്നു ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്. മെയ് 27-നായിരുന്നു വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി ഇഡി എട്ട് മണിക്കൂറോളം നീണ്ട മിന്നൽ പരിശോധന നടത്തിയത്. ​

മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനുള്ള നിയമപരമായ തടസ്സങ്ങൾ ഹൈക്കോടതി നീക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു ഈ റെയ്ഡ്. പരിശോധനകൾ പൂർത്തിയാക്കി ഉദ്യോഗസ്ഥർ പുറത്തേക്ക് മടങ്ങവെ, ഇവർ സഞ്ചരിച്ച വാഹനങ്ങൾ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ വളയുകയും കാറുകൾ അടിച്ച് തകർക്കാൻ ശ്രമിക്കുകയുമായിരുന്നു. ഈ കേസിലാണ് ഇപ്പോൾ ഐ.പി ബിനു അടക്കമുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത്.