എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ മേള ‘സോർ 2026’ ന് സംസ്ഥാനത്തെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിൽ തുടക്കമായി. പരിപാടിക്ക് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധേയമായ പങ്കാളിത്തമാണ് വിവിധ കോളേജുകളിൽ ലഭിച്ചത്.
എഞ്ചിനീയറിംഗ് വിദ്യാഭ്യാസരംഗത്തെ നവീന പ്രവണതകൾ, ഉയർന്നുവരുന്ന സാങ്കേതിക മേഖലകൾ, തൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ചാണ് പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും വിവരങ്ങൾ തേടിയതെന്ന് അധ്യാപകർ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, സൈബർ സെക്യൂരിറ്റി, റോബോട്ടിക്സ് തുടങ്ങിയ ന്യൂ ജനറേഷൻ മേഖലകളിലെ പഠന-തൊഴിൽ സാധ്യതകളെക്കുറിച്ചറിയാനും വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രത്യേക താത്പര്യം പ്രകടിപ്പിച്ചു.
ബിടെക്കിന് ശേഷം ഉന്നത പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളും മേളയിൽ പങ്കെടുത്തു.
‘സോർ 2026’ കോൺക്ലേവിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ ജൂൺ 17-നും 19-നും സംസ്ഥാനത്തെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിൽ നടക്കും. ആദ്യ ദിവസം മേളയിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് വരും ദിവസങ്ങളിലെ പരിപാടികളിൽ പങ്കെടുത്ത് വിവരങ്ങൾ നേടാവുന്നതാണ്. ‘സോർ’ മേളയിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രവേശനം സൗജന്യമാണ്.
















