പി.എം ശ്രീ പദ്ധതിയില്‍ ഇടതു സര്‍ക്കാര്‍ ഒപ്പിട്ടിരുന്നു. കേന്ദ്രപദ്ധതിയില്‍ ഇപ്പോള്‍ കേരളം പങ്കാളിയാണെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പദ്ധതി വേണ്ടെന്നു വയ്ക്കാന്‍ ഇടതു സര്‍ക്കാര്‍ കേന്ദ്രത്തിനു കത്തു നല്‍കിയിട്ടില്ല. പകരം, പദ്ധതിയുമായി ബന്ധപ്പെട്ട് 92 കോടി രൂപയിലധികം വാങ്ങി. അതു കൂടാതെ 106 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കരിക്കുലം നിശ്ചയിക്കുന്ന സ്വാതന്ത്ര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടാന്‍ പാടില്ലെന്നതാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ നിലപാട്. പദ്ധതിയില്‍ ഏതു സ്‌കൂളുകളെ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും.
പദ്ധതിയുമായി ബന്ധപ്പെട്ട ആശയപരമായ നിലപാടുകള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങള്‍ തയാറാക്കാന്‍ പൊതുവിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദീന്‍ കണ്‍വീനറായും മന്ത്രിമാരായ റോജി എം. ജോണ്‍, പി.സി.വിഷ്ണുനാഥ്, എം.ലിജു എന്നിവര്‍ അംഗങ്ങളായും മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. വിദ്യാഭ്യാസ അവകാശങ്ങള്‍ ബലികഴിക്കാതെ പദ്ധതി നടപ്പാക്കാനുള്ള വഴിയാണ് സര്‍ക്കാര്‍ തേടുന്നത്. എന്‍ഇപി നേരത്തേ തന്നെ കേരളത്തില്‍ നടപ്പാക്കി തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.എം ശ്രീ വിഷയത്തില്‍ മന്ത്രിസഭാ അംഗങ്ങളെ പോലും ഇരുട്ടില്‍നിര്‍ത്തി ഇടതു സര്‍ക്കാര്‍ ഒപ്പിട്ടതിനെയാണ് എതിര്‍ത്തത്. കേന്ദ്രത്തില്‍നിന്നു കിട്ടാനുള്ള ആയിരം കോടിയിലേറെ രൂപ ഔദാര്യമല്ല. അത് അവകാശമാണ്. വര്‍ഗീയ അജന്‍ഡ നടപ്പാക്കാന്‍ അനുവദിക്കാതെ പദ്ധതി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അഡൈ്വസറെ നിയമിക്കാന്‍ തീരുമാനിച്ചു. ധനപരമായ കാര്യങ്ങളില്‍ കൃത്യമായ മേല്‍നോട്ടമുണ്ടാകും. ജോയിന്റ് സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥനെയാവും വകുപ്പ് സെക്രട്ടറിയുടെ പ്രധാന സാമ്പത്തിക ഉപദേഷ്ടാവായി നിയോഗിക്കുക. ഈ സര്‍ക്കാരിന്റെ 100 ദിവസത്തെ കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയിടംതുരുത്തിലെ ഭൂമി പ്രശ്നം രമ്യമായി പരിഹരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതു സംഭരണ മാന്വല്‍ കാലഹരണപ്പെട്ടതാണ്. അതിനകത്ത് മുഴുവനായി പൊതു സംഭരണത്തിന് പുതിയ സംവിധാനം കൊണ്ടു വരും.
അതിനുള്ള മാര്‍ഗ നിര്‍ദ്ദേശം തയ്യാറാക്കാന്‍ ഉപസമിതിയെ തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി പൊതുമരാമത്ത്, ടൂണിസം, ഐ.ടി, വാട്ടര്‍ റിസോഴ്‌സസ് എന്നീ വകുപ്പു മന്ത്രിമാരാണ് കമ്മിറ്റിയിലുള്ളത്. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നാലു വൈസ് ചാന്‍സലര്‍മാര്‍ സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ അതു തെറ്റാണെന്നു പറയാന്‍ തയാറായിരുന്നില്ല. അന്നത്തെ ഉന്നതവിദ്യാഭ്യാസമന്ത്രി അതിനെ ന്യായീകരിച്ചു. സിപിഎം സംഘടനയുടെ നേതാവായിരുന്ന ആളും വി.സി സംഘത്തിലുണ്ടായിരുന്നു. എന്നിട്ടാണ് ഇപ്പോള്‍ യുഡിഎഫിനെ വിമര്‍ശിക്കുന്നത്. ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രിയുടെ സ്റ്റാഫിനെ ചൊല്ലി ഇല്ലാക്കഥ പ്രചരിപ്പിച്ചു. പ്രിയദര്‍ശിനി യാത്രയുടെ മാറ്റ് കുറയ്ക്കാന്‍ ഓര്‍ഡിനറി ബസ് സിറ്റി ബസ് ആക്കിയെന്നും ഇത്തരത്തില്‍ കള്ളപ്രചാരണം നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവ. സ്പെഷല്‍ പ്ലീഡര്‍ നിയമനത്തില്‍ തെറ്റ് പറ്റിയെന്ന് അറിഞ്ഞപ്പോള്‍ അപ്പോള്‍ തന്നെ അതു തിരുത്തി. അതിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്ലീഡര്‍മാര്‍ക്കു ഇതുവരെ വകുപ്പ് വിഭജിച്ച് നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിഷയത്തില്‍ വര്‍ഗീയവിദ്വേഷം പടര്‍ത്താന്‍ സിപിഎം നടത്തിയ ശ്രമം പുറത്തുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ചെയ്ത വൃത്തികേടുകളുടെ മുഖംമൂടിയാണ് അഴിഞ്ഞുവീഴുന്നതെന്നും അദ്ദേഹം പറഞ്ഞു.
















