സ്ത്രീപക്ഷ സർക്കാരെന്ന് മേനി നടിക്കുന്നവർ സ്ത്രീ സുരക്ഷാ പദ്ധതി ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. 16 ലക്ഷത്തോളം വീട്ടമ്മമാർക്ക് ആശ്വാസമായ സ്ത്രീ സുരക്ഷാ പദ്ധതി മുടങ്ങി.ഏപ്രിൽ മെയ് മാസങ്ങളിലെ പെൻഷൻ തീരുമാനം ആക്കാതെ ധനവകുപ്പ് പിടിച്ചു വെച്ചിരിയ്ക്കുകയാണ്. യുഡിഎഫ് സർക്കാർ അടിയന്തരമായി നിലപാട് തിരുത്തണമെന്നും പെൻഷനും സ്റ്റൈപ്പൻഡും കാത്തിരിക്കുന്നവർക്ക് കുടിശ്ശിക ഉൾപ്പെടെ വിതരണം ചെയ്യണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
പ്രവാസി പെൻഷനും ഈ സർക്കാർ വന്നതിനുശേഷം മുടങ്ങി. പദ്ധതി തകർക്കാനുള്ള രാഷ്ട്രീയ തീരുമാനം അവസാനിപ്പിക്കണം. ലോക കപ്പ് ഫുട്ബോൾ നടക്കുന്നു, ഇപ്പോൾ ഏർപ്പെടുത്തുന്ന വൈദ്യുതി നിയന്ത്രണം ഫുട്ബോൾ ലോകകപ്പ് കാണാൻ വലിയ പ്രയാസം സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ ഈ ഘട്ടത്തിൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
അതേസമയം, പി.എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം കേന്ദ്ര സർക്കാർ നയങ്ങൾക്ക് മുന്നിലെ കീഴടങ്ങലാണെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുൻപ് ഈ പദ്ധതിയെ വലിയ വിവാദമാക്കുകയും എൽഡിഎഫ് ബിജെപിയുമായി ‘ഡീൽ’ ഉണ്ടാക്കിയെന്ന് ആക്ഷേപിക്കുകയും ചെയ്ത യുഡിഎഫ്, ഇപ്പോൾ അതേ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എസ്.എസ്.കെ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചത് വിദ്യാഭ്യാസ മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേണ്ടിയാണ് അന്ന് ധാരണാപത്രം ഒപ്പിട്ടത്. ധാരണാപത്രം ഒപ്പിട്ടെങ്കിലും ഒരു മാസത്തിനുള്ളിൽ തന്നെ അത് പൂർണ്ണമായി മരവിപ്പിക്കാനാണ് എൽഡിഎഫ് തീരുമാനിച്ചത്. പദ്ധതിയുടെ ഭാഗമായുള്ള സ്കൂളുകളുടെ പട്ടിക തയ്യാറാക്കുകയോ കേന്ദ്രത്തിന് കൈമാറുകയോ ചെയ്തിരുന്നില്ല. നവംബർ 12 ന് തന്നെ ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചിരുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.
















