കേരളം സാമ്പത്തിക അപകടാവസ്ഥയിലാണ് എന്ന രീതിയില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ബജറ്റ് പ്രസംഗത്തില്‍ നടത്തിയ ആമുഖ പ്രസ്താവനകള്‍ രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ബജറ്റിലെ ആകെ തുകയുടെ വിഹിതം (അലോക്കേഷന്‍) പരിശോധിച്ചാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിലല്ലെന്ന് വ്യക്തമാകും. 2,000 കോടിയുടെ അധിക വിഹിതം നീക്കിവെക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇത് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ ‘സാമ്പത്തിക പ്രതിസന്ധി’ വാദത്തെ പൂര്‍ണ്ണമായി നിരാകരിക്കുന്നതാണെന്നും, ഇതൊരു രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നതിന് തുല്യമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മാര്‍ച്ചില്‍ 6,000ത്തിലധികം കോടി രൂപയുടെ തുക നീക്കിബാക്കി (സര്‍പ്ലസ്) നിര്‍ത്തിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ നിന്ന് ഇറങ്ങിയത്. ഈ തുക ഉപയോഗിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസ പദ്ധതികളും നാടിന്റെ വികസനത്തിനായുള്ള അടിത്തറയും ഒരുക്കാന്‍ ഈ സര്‍ക്കാരിന് കഴിയുമായിരുന്നു. എന്നാല്‍, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമല്ലാതിരുന്നിട്ടും ജനക്ഷേമ കാര്യങ്ങളിലും നാടിന്റെ വികസനത്തിലും സര്‍ക്കാര്‍ ബോധപൂര്‍വ്വം പിന്‍വാങ്ങുകയാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന പല ജനക്ഷേമ പദ്ധതികളുടെയും വിഹിതം ഈ ബജറ്റില്‍ വെട്ടിക്കുറച്ചിരിക്കുന്നു. പ്രത്യേകിച്ച്, പരമ്പരാഗത വ്യവസായ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം കുറച്ചത് ഇതിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആസിയാന്‍ കരാറിന്റെ തുടര്‍ഫലമായി സംസ്ഥാനത്തെ കാര്‍ഷിക മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിനെതിരെ റബ്ബര്‍, നാളികേരം, നെല്ല് കര്‍ഷകര്‍ക്കായി വ്യക്തമായ ആശ്വാസ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഈ ബജറ്റില്‍ കാര്‍ഷിക മേഖലയെ പൂര്‍ണ്ണമായി അവഗണിച്ചിരിക്കുകയാണ്. ഇത് കര്‍ഷകരെ എങ്ങനെ ബാധിക്കുമെന്നത് ആശങ്കാജനകമാണ്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ കാരണം കേരളത്തിനുണ്ടാകുന്ന വലിയ ധനനഷ്ടത്തെക്കുറിച്ച് ബജറ്റില്‍ ഒരക്ഷരം പോലും മിണ്ടുന്നില്ല. കേന്ദ്ര നയങ്ങളെ ബോധപൂര്‍വ്വം കണ്ടില്ലെന്ന് നടിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിയണം.
മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ധവളപത്രം ഇറക്കിയത്, വരും വര്‍ഷങ്ങളില്‍ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സര്‍ക്കാരിന് മാറിനില്‍ക്കാനുള്ള മുന്‍കൂര്‍ ജാമ്യമെടുക്കല്‍ മാത്രമാണ്. സര്‍ക്കാരിന്റെ സ്വാഭാവിക ബാധ്യതകളെ പെരുപ്പിച്ചു കാട്ടാനും വരവിലുണ്ടാകുന്ന വര്‍ദ്ധനവ് മറച്ചുവെക്കാനും ബജറ്റിലൂടെ ബോധപൂര്‍വ്വമായ ശ്രമം നടന്നിട്ടുണ്ട്. വ്യത്യസ്ത വകുപ്പുകള്‍ക്കുള്ള വിഹിതത്തില്‍ വലിയ മാറ്റങ്ങളൊന്നും വരുത്താതെ വെറുതെ പുനക്രമീകരിക്കുക മാത്രമാണ് ഈ ബജറ്റില്‍ ചെയ്തിട്ടുള്ളത്. കേരളമാകെ സ്വപ്നം കണ്ട ‘നവകേരളം’ പദ്ധതിയെ പൂര്‍ണ്ണമായി കൈയൊഴിയുന്ന സമീപനമാണിത്. ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ല.
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്ന ക്ഷേമ-ആശ്വാസ നടപടികളും വികസന പ്രവര്‍ത്തനങ്ങളും ചേര്‍ന്ന ദ്വിമുഖ സമീപനം ഈ സര്‍ക്കാര്‍ പൂര്‍ണ്ണമായി ഉപേക്ഷിച്ചു. മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പല പദ്ധതികളും പേരുമാറ്റിയും അല്ലാതെയും ആവര്‍ത്തിക്കുക മാത്രമാണ് യുഡിഎഫ് ചെയ്തത്; വിഴിഞ്ഞം – നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് പദ്ധതി ഇതിനൊരു ഉദാഹരണമാണ്. അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്തതിലൂടെയാണ് കേരളം അടുത്തകാലത്ത് ലോകശ്രദ്ധയാകര്‍ഷിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ തുടര്‍ച്ചയായ നടപടികള്‍ ആവശ്യമാണെങ്കിലും ബജറ്റില്‍ അതിനെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല. പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് വി ഡി സതീശന്‍ ഉന്നയിച്ച ഒട്ടേറെ ആവശ്യങ്ങളും കാര്യങ്ങളും ഉണ്ടായിരുന്നുവെന്നും, എന്നാല്‍ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന്‍ സ്വന്തം ബജറ്റില്‍ അതിനെക്കുറിച്ചെല്ലാം മൗനം പാലിക്കുകയാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
















