കേരളത്തിന്റെ സംസ്ഥാനഫലമായ ചക്കയുടെ ഔഷധ മൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ആരോഗ്യവകുപ്പുമായി ആലോചിച്ച് ഫലപ്രദമായ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി ടി.സിദ്ദിഖ്. ജാക്ക്ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ‘പച്ചച്ചക്കയുടെ ഔഷധഗുണങ്ങള്‍, ഗവേഷണ കണ്ടെത്തലുകളും സാധ്യതകളും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 14.3 ലക്ഷം ടണ്‍ ചക്കയാണ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത്. ഇതിന്റെ വളരെ ചെറിയ ഭാഗം മാത്രമാണ് ഉപയോഗിക്കുന്നത്. ഇക്കാര്യത്തില്‍ കൃഷിവകുപ്പിന്റെ ഇടപെടല്‍ ഉണ്ടാകും. ചക്കയുടെ ഗുണം രോഗികള്‍ക്കും പൊതുസമൂഹത്തിനും ഉണ്ടാകുന്ന വിധമാകും പദ്ധതി തയ്യാറാക്കുന്നത്. ചക്കയുടെ ഗുണഗണങ്ങള്‍ പൊതുസമൂഹത്തിൽ എത്താത്ത അവസ്ഥയുണ്ട്.
ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കിടയിൽ അവബോധം ഉണ്ടാവണം . മന്ത്രി പറഞ്ഞു. കൗണ്‍സില്‍ ചെയര്‍മാന്‍ റൂഫസ് ഡാനിയല്‍ അധ്യക്ഷനായി. കുമ്മനം രാജശേഖരന്‍,സിസ ജനറല്‍ സെക്രട്ടറി ഡോ.സി.സുരേഷ്‌കുമാര്‍, ഡോ.രഘു രാമദാസ്, ശാന്തിഗ്രാം ഡയറക്ടര്‍ എല്‍.പങ്കജാക്ഷന്‍, മാതൃഭൂമി മുന്‍ ചീഫ് റിപ്പോര്‍ട്ടര്‍ എസ്.ഡി.വേണുകുമാര്‍, പി.എം.ജോയ്, ജിസ്സി ജോര്‍ജ്, സജു രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചക്ക ഉപയോഗത്തെക്കുറിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ 100 പേരില്‍ നടത്തിയ ഗവേഷണ പഠനത്തെക്കുറിച്ച് റിട്ട.പ്രിന്‍സിപ്പൽ ഡോ.ബി.പദ്മകുമാര്‍ വിശദീകരിച്ചു. ചക്ക ഉപയോഗത്തെക്കുറിച്ച് നടത്തിയ പഠനം,പ്രയോഗ സാധ്യതകള്‍ എന്നിവ സംബന്ധിച്ച മാസ്റ്റര്‍ പ്ലാന്‍ കൗണ്‍സില്‍ മന്ത്രിക്ക് നല്‍കി. ചക്ക ആരോഗ്യപ്രദമായ ഭക്ഷണമെന്ന സന്ദേശം സ്‌ക്കൂള്‍,കോളേജ് തലങ്ങളിൽ എത്തിക്കാൻ സംവിധാനമുണ്ടാവണമെന്ന് സെമിനാർ ആവശ്യപ്പെട്ടു.
















