2026-ൽ ജപ്പാനിൽ നടക്കാനിരിക്കുന്ന ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നും ഈ വിജയത്തിൽ കേരളത്തിൽ നിന്നുള്ള കായികതാരങ്ങൾ നിർണായക സംഭാവനകൾ നൽകുമെന്നും യുവജനകാര്യ, കായിക മന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ. അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് ഫൺ റൺ പരിപാടിയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ കായികരംഗത്തിന് ദൈവത്തിന്റെ സ്വന്തം നാട് നൽകിയ സംഭാവനകൾ ഐതിഹാസികമാണെന്നും പി.ടി.ഉഷ, അഞ്ജു ബോബി ജോർജ്, പി.ആർ.ശ്രീജേഷ് തുടങ്ങി രാജ്യത്തിന് അഭിമാനമായി മാറിയ നിരവധി കായിക പ്രതിഭകളെയും ചാമ്പ്യന്മാരെയും സംഭാവന ചെയ്ത ചരിത്രമാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം ഡോ. മൻസുഖ് മാണ്ഡവ്യ ചൂണ്ടിക്കാട്ടി.
ഇത്രയധികം ആവേശവും ജനപങ്കാളിത്തവും ഒരു കായിക പരിപാടിക്ക് ലഭിക്കുന്നത് അപൂർവമായി മാത്രമാണ് കണ്ടിട്ടുള്ളതെന്നും ഈ ജനപങ്കാളിത്തം കേരളത്തിന്റെ ആഴത്തിലുള്ള കായിക സംസ്കാരത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയുടെ കായിക ഭൂപടത്തിൽ കേരളത്തിന് എന്നും സവിശേഷമായ സ്ഥാനമാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്രമന്ത്രി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 2036-ഓടെ ലോകത്തിലെ ഏറ്റവും മികച്ച 10 കായിക ശക്തികളിൽ ഒന്നാകാനും രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2047-ഓടെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തിച്ചേരാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി.
ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാറെടുക്കണമെന്നും അതിനായി നാം ഓരോരുത്തരും കഠിനാധ്വാനം ചെയ്യണമെന്നും പരിപാടിയെ അഭിസംബോധന ചെയ്ത കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ പ്രാപ്തമാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കേണ്ട സമയമാണിതെന്നും വരാനിരിക്കുന്ന അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ നാം അത് പ്രകടമാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് ഫൺ റൺ പരിപാടിയ്ക്ക് എല്ലാവിധ ആശംസകളും അറിയിച്ച അദ്ദേഹം, ഇന്ത്യ കൂടുതൽ മികച്ച കായിക നേട്ടങ്ങളിലേക്ക് കുതിക്കുമ്പോൾ ഈ മുന്നേറ്റം ഓരോ പൗരനും പ്രചോദനമാകട്ടെയെന്നും കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഡോ.പി.ടി.ഉഷ, സംസ്ഥാന മന്ത്രിമാരായ ഒ.ജെ.ജനീഷ്, റോജി എം.ജോൺ, ടി, സിദ്ദിഖ്, ബിന്ദു കൃഷ്ണ, ഒളിമ്പ്യൻ പി.ആർ.ശ്രീജേഷ്, നഗരസഭ മേയർ വി.വി രാജേഷ്, കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്ത്, ജില്ലാ കളക്ടർ ശ്രീമതി അനു കുമാരി, കേരള സർവ്വകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ, എം.എൽ.എ വി.മുരളീധരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആയിരക്കണക്കിന് കായികപ്രേമികൾ അണിനിരന്ന ഫൺ റൺ സെൻട്രൽ സ്റ്റേഡിയത്തിൽ സമാപിച്ചു.
















