നിപ പ്രതിരോധ നടപടികള്‍ ശക്തമായി തുടരുന്നതായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. നിപ രോഗബാധിതന്റെ സമ്പര്‍ക്കപ്പെട്ടികയിലുള്ള ആരെയും പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. നിലവില്‍ വളരെ ഉയര്‍ന്ന റിസ്‌ക് ഭാഗത്തില്‍പ്പെട്ട 4 പേരും, ഉയര്‍ന്ന വഭാഗത്തില്‍ പെട്ട 14 പേരും ക്വാറന്റൈനിലാണ്. കുറഞ്ഞ റിസ്‌ക് ഭാഗത്തില്‍പ്പെട്ട 75 പേര്‍ നിരീക്ഷണത്തിലാണ്.
നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സ തുടരുന്നു. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ 86 വീടുകളില്‍ കൂടി ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് സന്ദര്‍ശനം നടത്തി. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ജൂണ്‍ 11 മുതല്‍ രാമനാട്ടുകര കുടുംബാരോഗ്യകേന്ദ്രം , ഒളവണ്ണ സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ ആരോഗ്യപ്രവത്തകര്‍ ടീം ആയി വീടുകളില്‍ സന്ദര്‍ശനം നടത്തി വരുന്നുണ്ട്.
നിപ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ പനി തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെ യഥാസമയം കണ്ടെത്തുന്നതിനായാണ് ഗൃഹ സന്ദര്‍ശനം. ഇന്ന് (ജൂണ്‍ 24) നടത്തിയ സന്ദര്‍ശനത്തില്‍ പനിയുള്ള 35 പേരെ കണ്ടെത്തി ഇതില്‍ 5 പേരെ ആശുപത്രികളിലേക്ക് റെഫര്‍ ചെയ്തു. സംശയ നിവാരണത്തിനായി ഇതുവരെ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ പൊതുജനങ്ങളില്‍ നിന്നുള്ള 92 ഫോണ്‍വിളികള്‍ എത്തിയിട്ടുണ്ട്. സമ്പര്‍പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവരെയും ഇന്നും ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടിരുന്നു. ജില്ലാ മാനസിക ആരോഗ്യപരിപാടിയുടെ ഭാഗമായി ഇതുവരെ 125 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തു.
സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രമാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂണ്‍ മാസം 166 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 242 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് (58), വയനാട് (22), തൃശൂര്‍ (12) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്‌ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (24), തിരുവനന്തപുരം (17), കണ്ണൂര്‍ (11), കൊല്ലം (10), ഇടുക്കി (3), എറണാകുളം (3), പാലക്കാട് (3)എന്നിവിടിങ്ങളിലും ജൂണ്‍ മാസം ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.