പെരുമ്പാവൂര്‍ കണ്ടന്തറ ഭായി കോളനിക്ക് സമീപം മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി തല മൊട്ടയടിച്ചു. കഞ്ചാവ് കച്ചവടത്തിന് വന്നതാണെന്ന് ആരോപിച്ചാണ് തല മൊട്ടയടിച്ചത്. ഇവരെ വിവസ്ത്രരാക്കി മര്‍ദിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തു.
അല്‍ഫാസ്, ഗോകുല്‍, ആല്‍ബിന്‍ എന്നീ യുവാക്കളെയാണ് തല മൊട്ടയടിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. പ്രദേശത്തെ സോഡാ നിര്‍മാണ സ്ഥാപനത്തില്‍ ജോലി തേടി എത്തിയതായിരുന്നു യുവാക്കള്‍. സ്ഥലത്തെത്തിയപ്പോള്‍ ഏതാനും പേര്‍ ചേര്‍ന്ന് തടഞ്ഞുവെക്കുകയായിരുന്നു. ഇവര്‍ കഞ്ചാവ് വില്‍പ്പനക്കായി വന്നതാണെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. ശേഷം ട്രിമ്മര്‍ ഉപയോഗിച്ച് ബലമായി തല മൊട്ടയടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
ശേഷം തൊട്ടടുത്തുള്ള ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി വിവസ്ത്രരാക്കി മര്‍ദിച്ചതായും ഇവര്‍ പറയുന്നു. പിന്നീട് ഇവിടെ നിന്ന് രക്ഷപ്പെട്ട ശേഷം ബന്ധുക്കള്‍ക്കൊപ്പം എത്തിയാണ് ഇവര്‍ പെരുമ്പാവൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെ കേസെടുത്തത്.
















