ശക്തമായ മഴ മുന്നറിയിപ്പുണ്ടായിട്ടും വയനാട്ടില്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച സംഭവിച്ചതായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇത് ഗൗരവമായി കാണേണ്ട വിഷയമാണ്. ദുരന്തമേഖലയും ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പില്‍ പലര്‍ക്കും വസ്ത്രമില്ലെന്നും വന്ന വസ്ത്രത്തില്‍ തന്നെയാണ് പലരും കഴിയുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം പിന്തുണ അറിയിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
246 MM-ല്‍ അധികം മഴയാണ് മേഖലയില്‍ ലഭിച്ചത്. എന്നാല്‍ മഴ മുന്നറിയിപ്പില്‍ യെല്ലോ അലര്‍ട്ട് മാത്രമാണുണ്ടായത്. റെഡ് അലര്‍ട്ട് നല്‍കിയില്ല. ജനങ്ങളുടെ സുരക്ഷക്ക് വേണ്ട മുന്‍കരുതല്‍ എടുത്തില്ല. ശക്തമായ മഴ ഉണ്ടായിട്ടും മുന്നറിയിപ്പ് നല്‍കാത്തത് ഗുരുതരമായ വീഴ്ചയാണ്. ദുരന്തം നടന്നതിന് ശേഷം സര്‍ക്കാരും ബന്ധപ്പെട്ടവരും പുറത്തിറങ്ങിയിട്ടുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത് ദുരന്തത്തിന് ശേഷമാണെന്നാണ് വാര്‍ത്തകളില്‍ ചൂണ്ടിക്കാട്ടുന്നത്. തുരങ്കപാത പദ്ധതിയുടെ ഭാഗമായി നീക്കിയ മണ്ണില്‍ നല്ലൊരുഭാഗം കൂനയായി കിടക്കുകയായിരുന്നു. അവ നീക്കം ചെയ്യാന്‍ നേരത്തേ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിക്കുകയും ചെയ്തു. ആ തീരുമാനം ആരാണ് അട്ടിമറിച്ചത്.
സര്‍ക്കാരും ബന്ധപ്പെട്ടവരും മണ്ണ് നീക്കുന്നതിന് ആവശ്യമായ നടപടിയെടുത്തില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാരിന്റെ നിര്‍ദേശം പാലിക്കപ്പെട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പദ്ധതി പ്രദേശത്തെ ജനങ്ങളുടെ സുരക്ഷയ്ക്കായി വേണ്ട മുന്‍കരുതലുകളും കൈക്കൊണ്ടില്ല. ജില്ലാ കലക്ടര്‍ അധ്യക്ഷയായ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ജൂണ്‍ 20ന് ചേര്‍ന്നിരുന്നു. മണ്‍കൂനകളില്‍നിന്നുള്ള മണ്ണൊലിപ്പ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും സമീപപ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഇത് ഭീഷണിയായി മാറുമെന്നും ആ യോ?ഗം വിലയിരുത്തിയിരുന്നു. അപകടകരമായ രീതിയില്‍ നിക്ഷേപിച്ചിരുന്ന മണ്ണ് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് അടിയന്തരമായി നീക്കണമെന്നും നിര്‍ദേശിച്ചു. അതുവരെ താല്‍കാലിക സംരക്ഷണനടപടി എന്ന നിലയ്ക്ക് മണ്ണിടിച്ചിലും മണ്ണൊലിപ്പും തടയണമെന്നും ഈ യോഗം തുരങ്കപാത നിര്‍മാണ ഏജന്‍സിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പക്ഷേ ഇവയൊന്നും നടപ്പിലായില്ല. സര്‍ക്കാര്‍ എന്ന നിലയ്ക്ക് പ്രത്യേക നടപടികളും സ്വീകരിച്ചില്ല.
പദ്ധതിയുടെ പൂര്‍ണമായ മേല്‍നോട്ടം പൊതുമരാമത്ത് വകുപ്പിനാണ്. ജൂണ്‍ 25ന് പൊതുമരാമത്ത് സ്‌പെഷ്യല്‍ സെക്രട്ടറിയും അഡീഷണല്‍ സെക്രട്ടറിയും പി.ഡബ്ല്യു.ഡി ചീഫ് എഞ്ചിനിയറും സ്ഥലം സന്ദര്‍ശിച്ചു. കൂട്ടിയിട്ട മണ്ണ് ശക്തമായ മഴയില്‍ കുത്തിയൊഴുകി അപകടം സംഭവിക്കുമെന്ന് വിലയിരുത്തുകയും ചെയ്തു. ശക്തമായ മഴ ഉണ്ടാകാനുള്ള സാഹചര്യത്തില്‍ മീനാക്ഷിപാലത്തിന് സമീപം താമസിക്കുന്ന കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കണം എന്നും വിലയിരുത്തി. പക്ഷേ രണ്ടാഴ്ച കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഒരുനടപടിയും സ്വീകരിച്ചില്ല. അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. അപകടം അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞത്. അത് നല്ല കാര്യമാണ്. എന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുരങ്കപാതയുടെ പാരിസ്ഥിതിക അനുമതി ലഭ്യമായതിനെക്കുറിച്ച് തെറ്റായകാര്യങ്ങളാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്. കള്ളാടിയിലുണ്ടായ അപകടം പാരിസ്ഥിതി പ്രശ്‌നംമൂലമുണ്ടാതല്ല. പാരിസ്ഥിതികമായ ഒരു പ്രശ്‌നവുമില്ലാത്ത പ്രദേശമായാലും ഇത്തരത്തില്‍ നിര്‍മാണ സമയത്ത് വെട്ടിയെടുത്ത മണ്ണ് മുന്‍കരുതലുകളില്ലാതെ കൂട്ടിവെച്ചാല്‍ സംഭവിക്കാവുന്ന അപകടം പ്രത്യേകമായി കാണണം. ഈ വീഴ്ച മറച്ചുവെക്കാനാണ് പാരിസ്ഥിതിക അനുമതി ലഭിച്ച തുരങ്കപാത പദ്ധതിയെ വിവാദത്തിലാക്കാന്‍ ശ്രമിക്കുന്നത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതെന്നും പിണറായി പറഞ്ഞു.
















