Kerala

‘നവകേരള യാത്ര’ രക്ഷാ പ്രവര്‍ത്തനം: എ.ഡി.ജി.പി അജിത് കുമാര്‍ അകത്തോ പുറത്തോ ?; എസ്.ഐ.ടി. റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആലപ്പുഴയില്‍ നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റതില്‍ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന് ഇന്ന് അതിനിര്‍ണായകം. ഗണ്‍മാന്‍മാരുടെ മര്‍ദ്ദനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ഡി.ജി.പി റവാഡാ ചന്ദ്രശേഖര്‍ ഇന്ന് ആഭ്യന്തരവകുപ്പിന് കൈമാറിയേക്കും.

അന്വേഷണം അട്ടിമറിക്കപ്പെട്ടതില്‍ അജിത് കുമാറിനും ഉത്തരവാദിത്തമുണ്ടെന്നാണ് ഡി.ജി.പിയുടെ വിലയിരുത്തല്‍. എ.ഡി.ജി.പിക്കെതിരെ റവാഡാ ചന്ദ്രശേഖര്‍ നടപടി ശിപാര്‍ശ നല്‍കുമെന്നാണ് സൂചന. അജിത് കുമാറിനെതിരായ ഉദ്യോഗസ്ഥരുടെ മൊഴി ഉള്‍പ്പെട്ട റിപ്പോര്‍ട്ടാണ് എസ്.ഐ.ടി ഡി.ജി.പിക്ക് കൈമാറിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ശിപാര്‍ശ നല്‍കാന്‍ സാധ്യതയുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.

അട്ടിമറിക്ക് കൂട്ടുനിന്ന അജിത് കുമാറിന്റെ ഓഫീസിലെ രണ്ട് ജീവനക്കാര്‍ക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തിയതും കേസ് ഡയറി തിരുത്തിയതും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ ഗണ്‍മാന്‍ അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവരെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും സഞ്ചരിച്ചിരുന്ന നവകേരള ബസ് ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപമെത്തിയപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും തുടര്‍ന്ന് മര്‍ദ്ദനം ഉണ്ടാകുകയും ചെയ്തത്.