സേതുമാധവൻ സമ്മാനിച്ച വിങ്ങലും ശൂന്യതയും ഇന്നും മലയാളി പ്രേക്ഷകരിൽ നിന്നും വിട്ടുമാഞ്ഞിട്ടുണ്ടാവില്ല. 37 വർഷങ്ങൾക്കിപ്പുറം ‘കിരീടം’ വീണ്ടും തിയേറ്ററുകളിൽ തിരിച്ചെത്തിയിരിക്കുകയാണ്. മോഹൻലാൽ-ലോഹിതദാസ്-സിബി മലയിൽ ടീമിന്റെ ക്ലാസിക് ചിത്രം തിയേറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായമാണ് നേടുന്നത്. ഇപ്പോഴിതാ ചിത്രം ആദ്യ ദിനം എത്ര നേടിയെന്ന കണക്കുകളാണ് എത്തുന്നത്. ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം ആദ്യ രണ്ട് ദിവസം കൊണ്ട് ചിത്രം കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നത് 9.20 ലക്ഷം മുതല്‍ 10 ലക്ഷം വരെയാണ്. കേരളത്തിന് പുറത്തെ സെന്‍ററുകളില്‍ നിന്ന് 60,000 രൂപയും ചിത്രം കളക്റ്റ് ചെയ്തതായും ട്രാക്കര്‍മാര്‍ അറിയിക്കുന്നു. 1989ല്‍ തിയേറ്ററുകളിലെത്തിയ ചിത്രം ഡോള്‍ബി അറ്റ്‌മോസില്‍ 4കെ ദൃശ്യ ഭംഗിയില്‍ റീറിലീസ് ചെയ്തത്.
കൃപാ ഫിലിംസിന്റെ ബാനറില്‍ എന്‍. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേര്‍ന്നാണ് കിരീടം നിര്‍മിച്ചത്. മോഹന്‍ലാല്‍ എന്ന നടനെ അതുവരെ കാണാത്ത തലത്തിലേക്ക് ഉയര്‍ത്തിയ സിനിമ, കിരീടം എന്ന് കേള്‍ക്കുമ്പോള്‍ സേതുമാധവനെ ആദ്യവും ലാലിനെ പിന്നീടും ഓര്‍ക്കുന്ന തലത്തിലേക്ക് ഉയര്‍ത്തപ്പെട്ട സിനിമ. മനുഷ്യരിലെ നിസഹായതയെ ആഴത്തില്‍ പ്രതിഫലിപ്പിക്കാനറിയുന്ന, ലോഹിതദാസ് എന്ന മനുഷ്യമനസിന്റെ ഉള്‍പ്പെരുപ്പറിയുന്ന മാസ്റ്റര്‍ സ്റ്റോറി ടെല്ലറുടെ, സിബി മലയില്‍ എന്ന മാസ്റ്റര്‍ ക്രാഫ്റ്റ്മാന്റെ, ജോണ്‍സണ്‍ എന്ന സംഗീത മാന്ത്രികന്റെ സിനിമ. സേതുമാധവനും അച്യുതന്‍ നായരുമായി മോഹന്‍ലാല്‍- തിലകന്‍ ഓണ്‍സ്‌ക്രീന്‍ രസതന്ത്രം സൃഷ്ടിച്ച മനോഹര ഭാവമുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇന്നും നൊമ്പരമായി മാറിയ സിനിമ. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാകെ തകര്‍ത്ത്, ഒരു ചെറുപ്പക്കാരനെ കുറ്റവാളിയും ഗുണ്ടയുമാക്കി അയാളുടെ ശിരസില്‍ ഉറച്ചുപോയ മുള്‍ക്കിരീടം ആണ് ലോഹിതദാസ് സിബി മലയില്‍ കൂട്ടുകെട്ടിലൂടെ കിരീടം എന്ന മികച്ച ക്ലാസിക്കായി മാറിയത്.
STORY HIGHLIGHT : mohanlal-kireedam-box-office-collection-earnings-details