പി.ആർ (പബ്ലിക് റിലേഷൻസ്) എന്നാൽ സ്വയം പെരുപ്പിച്ചു കാട്ടി അവതരിപ്പിക്കുന്നതോ ബ്രാൻഡിംഗോ അല്ലെന്നും, മറിച്ച് ജനങ്ങളുമായി നിരന്തരം സംവദിക്കാനും കൃത്യമായ ഇടപെടലുകൾ സാധ്യമാക്കാനും കഴിയുന്ന ഫലപ്രദവും ചടുലവുമായൊരു ഉപാധിയാണെന്നും കായിക യുവജനക്ഷേമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് ഐ.എ.എസ്. വ്യക്തമാക്കി. പബ്ലിക് റിലേഷൻസ്, ജേണലിസം, പരസ്യമേഖല എന്നിവയിലെ പ്രൊഫഷണലുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടായ്മയായ പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ (PRCI) തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ തിരുവനന്തപുരം ചാപ്റ്ററിൻ്റെ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും നടന്നു.
പി.ആർ എന്ന വാക്ക് ഏറെ മോശമായി ചിത്രീകരിക്കപ്പെടുന്നൊരു കാലമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “എന്റെ മുഖം, എന്റെ ഫിഗർ” എന്ന രീതിയിൽ സ്വയം തള്ളിമറിക്കുന്നതല്ല യഥാർത്ഥ പി.ആർ. വളരെ ഗുണകരമായ രീതിയിൽ ഭരണ-പൊതുസംവിധാനങ്ങൾക്ക് ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒന്നാണത്. അതിന്റെ സാധ്യതകൾ മനസ്സിലാക്കി ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കേണ്ട കാലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.ആർ.സി.ഐ കേരള ഹെഡും ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ റാം സി. മേനോൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. പി.ആർ.സി.ഐ ഗവേണിങ് കൗൺസിൽ ചെയർമാൻ ഡോ. ടി. വിനയ കുമാർ ചടങ്ങിൽ പ്രഭാഷണം നടത്തി.
ചടങ്ങിൽ പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ തിരുവനന്തപുരം ചാപ്റ്ററിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സത്യപ്രതിജ്ഞയും നടന്നു. മുതിർന്ന മാധ്യമപ്രവർത്തകനായ ജെ.എസ്. ഇന്ദുകുമാർ തിരുവനന്തപുരം ചാപ്റ്റർ ചെയർമാനായും, ശൽമ നന്ദ വൈസ് ചെയർമാനായും, അഖിലേഷ് നായർ ജനറൽ സെക്രട്ടറിയായും ചുമതലയേറ്റു. എസ്. ശ്യാം ജോയിന്റ് സെക്രട്ടറിയായും, എസ്. മുജീബ് ട്രഷററായും സ്ഥാനമേറ്റു.സജി ഡൊമനിക്, സാജുദ്ദീൻ ജെ.എസ്, അജയ് തുണ്ടത്തിൽ, സാജൻ എസ്, പ്രബോധ് പി.ജി എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
STORY HIGHLIGHT : True PR is not about aggressively promoting oneself says N. Prashanth IAS.
















