അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതി ഡോ. എം.കെ റാമിന്റെ അഭിഭാഷകനുമായി ക്രൈം ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ശ്രീജിത് കൊടേരിക്ക് ബന്ധം. ശ്രീജിത് കൊടേരി പ്രതിയായ മര്‍ദനക്കേസില്‍ പ്രതിഭാഗത്തിനായി ഹാജരായ അഭിഭാഷകന്‍ എം. കിഷോര്‍ കുമാറാണ് ഡോ. റാമിന്റെ അഭിഭാഷകന്‍. കണ്ണൂര്‍ നാറാത്ത് സ്വദേശി കെ.ടി അഷ്റഫിനെ മര്‍ദ്ദിച്ച കേസിലാണ് ശ്രീജിത് കൊടേരിക്ക് വേണ്ടി ഇപ്പോള്‍ റാമിന്റെ അഭിഭാഷകനായ എം. കിഷോര്‍ കുമാര്‍ ഹാജരായത്. 2017 ജൂണ്‍ രണ്ടിനായിരുന്നു ശ്രീജിത് കൊടേരിക്കെതിരെയുള്ള കേസിനാസ്പദമായ സംഭവം നടന്നത്. ഡോ. റാമിനെ അറസ്റ്റ് ചെയ്യാന്‍ വൈകിയതിന് പിന്നില്‍ ക്രൈം ബ്രാഞ്ച് സംഘവും പ്രതിയും തമ്മിലുള്ള ഒത്തുകളിയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.
നിതിന്‍ രാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതി എം.കെ റാമിനെ അറസ്റ്റ് ചെയ്യാനല്ല, രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് ഇന്നലെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്ന് കോടതി പറഞ്ഞു. പ്രതിയെ രക്ഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രതിയുടെ അഭിഭാഷകനും തമ്മിലുള്ള ബന്ധം പരിശോധിക്കണം. പണത്തിന് മീതെ പരുന്തും പറക്കില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തണം. ഇല്ലെങ്കില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുമെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ പറഞ്ഞിരുന്നു.
കേസില്‍ ഡോ. എം.കെ റാമിനെ മൂന്ന് മാസത്തെ ഒളിവിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വിട്ടയച്ചിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെ അറസ്റ്റ് ചെയ്തത് റാമിനെ സഹായിക്കാനാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇങ്ങനെയാണെങ്കില്‍ ദലിത് പീഡനങ്ങല്‍ക്ക് അരുതിയുണ്ടാവില്ല. കേരളത്തിലെ ദളിത് പീഡനങ്ങളുടെയും അത്തരം കേസുകളുടെയും അവസ്ഥകള്‍ പരിശോധിച്ചാല്‍ ഇത് മനസ്സിലാക്കാനാകും. ദളിത് പീഡകരായവരെല്ലാം സംരക്ഷിക്കപ്പെടുകയോ സുരക്ഷിതരാക്കപ്പെടുകയോ ചെയ്യുന്നുണ്ട്. എന്നാല്‍, എല്ലാ കേസുകളിലും അതുണ്ടാകുന്നില്ല എന്നത് ശ്രദ്ധേയമാണ്.
നീതിയും ന്യായവും നടപ്പാക്കുന്ന, തെളിവുകളും സാഹചര്യങ്ങലും മനസ്സിലാക്കി വിധി പ്രസ്താവിക്കുന്ന കോടതികളും ന്യായാധിപന്‍മാരും ഇപ്പോഴുമുണ്ട്. ഇന്നലെ കേട്ടതും അങ്ങനെയൊരു കോടതിയുടെ ശബ്ദമാണ്. നിശിതമായി വിമര്‍ശിക്കപ്പെട്ട പോലീസിന്റെ ഇടപെടല്‍. റാമിനെ അറസ്റ്റ് ചെയ്തതു പോലും എന്തിനു വേണ്ടി ആയിരുന്നുവെന്ന് കൃത്യമായി കോടതി മനസ്സിലാക്കിക്കൊണ്ടാണ് പോലീസിനെ വിമര്‍ശിച്ചത്.
















