കുണ്ടും കുഴിയുമില്ലാത്ത റോഡ് ജനങ്ങളുടെ അവകാശമാണ്. ടാക്‌സ് അടച്ച് വാഹനങ്ങള്‍ നിരത്തിലിറക്കുമ്പോള്‍ റോഡ് മോശമാണെങ്കില്‍ യാത്രക്കാരുടെ നടുവൊടിയുകയും വണ്ടിയുടെ ആക്‌സില്‍ ഒടിയുകയും ചെയ്യും. എന്നാല്‍, ഇതിനു പരിഹാരമായാണ് നല്ല റോുകള്‍ നിര്‍മ്മിക്കുന്നത്. റോഡുകള്‍ അത്യാവശ്വുമാണ്. പക്ഷെ, ആ റോഡുകളിലൂടെ വാഹനം ഓടിക്കണമെങ്കില്‍ ടോള്‍ നല്‍കണം. അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതിനും ടോള്‍ കൊടുക്കണം. റോഡ് നിര്‍മ്മാണത്തിന് ചെലവിട്ട പണം തിരിച്ചു പിടിക്കാനാണ് ഈ ടോള്‍ സമ്പ്രദായം. അതുമല്ലെങ്കില്‍, റോഡ് നിര്‍മ്മാണം നടത്തിയ കമ്പനിക്ക് ചെലവായ തുകയും അതിന്റെ ലാഭവും കിട്ടാനുള്ള കരാര്‍. ഈ കരാര്‍ ജനങ്ങള്‍ക്കറിയില്ല.
അറിയാനും പാടില്ല. റോഡിലൂടെ ടോള്‍ കൊടുത്ത് ഓടിത്തുടങ്ങിയാല്‍ പിന്നെ ടോള്‍ കൊടുത്തുകൊണ്ടേയിരിക്കുക. ഇതാണ് ജനങ്ങള്‍ ചെയ്യേണ്ടത്. ടോള്‍ എപ്പോള്‍ തീരുമെന്നോ, റോഡിലെ ടോള്‍ പ്ലാസകള്‍ എന്ന് മാറുമെന്നോ ആര്‍ക്കും നിശ്ചയമില്ല. അതറിയാവുന്നത്, സര്‍ക്കാരിനും റോഡ് നിര്‍മ്മാണ കമ്പനിക്കും മാത്രം. ഇതാ ദേശീയപാത 66ല്‍ കൊറ്റുകുളങ്ങര മുതല്‍ കടമ്പാട്ടുകോണം വരെയുള്ള ജില്ലാ പരിധിയില്‍ രണ്ടിടങ്ങളില്‍ ടോള്‍ പ്ലാസ ഉയര്‍ന്നു കഴിഞ്ഞു. ദേശീയപാത അതോറിറ്റിയുടെ ചട്ടം അനുസരിച്ച് 60 കിലോമീറ്ററില്‍ ഒരു ടോള്‍ പ്ലാസ ഉണ്ടാകണം എന്നാണ്. അതനുസരിച്ചാണ് ജില്ലയിലെ 63 കിലോമീറ്റര്‍ ദൂരത്തില്‍ 2 പ്ലാസകള്‍ പൂര്‍ത്തിയായി വരുന്നത്. പാരിപ്പള്ളിക്കും കല്ലുവാതുക്കലിനും ഇടയില്‍ ശ്രീരാമപുരത്തും ഓച്ചിറയിലുമാണ് ടോള്‍ പ്ലാസകള്‍. ശ്രീരാമപുരത്തെ ടോള്‍ പ്ലാസയുടെ നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്.
ശുചിമുറികള്‍ക്ക് പുറമേ വിശ്രമകേന്ദ്രവും ഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്. ആറുവരി റോഡില്‍ ഓരോ ഭാഗത്തുമായി ആറ് വീതം കൗണ്ടറുകളുണ്ട്. പ്രാഥമിക ചികിത്സാ കേന്ദ്രത്തിന് പുറമേ 24 മണിക്കൂറും ആംബുലന്‍സ് സേവനവും ഒരുക്കിയിട്ടുണ്ട്. ഓച്ചിറയിലെ ടോള്‍ പ്ലാസയുടെ നിര്‍മ്മാണം 50 ശതമാനം പൂര്‍ത്തിയായെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ പറഞ്ഞു. കോവളത്തേക്കുള്ള പാതയില്‍ പരശുരാമ ക്ഷേത്രം കഴിഞ്ഞാണ് ടോള്‍പ്ലാസ പിന്നീടുള്ളത്. ഇവിടെ നിരന്തരം വണ്ടിക്കാരും ടോള്‍ പിരിവുകാരും തമ്മില്‍ സംഘര്‍ഷമാണ്. കൊല്ലത്ത് ഈ രണ്ടു ടോള്‍ പ്ലാസകള്‍ കൂടി വരുന്നതോടെ അടിയും കൂടും. പിരിവും കൂടും. എന്നാല്‍, എല്ലാ ടോള്‍പ്ലാസയിലും അവിടുത്തെ പ്രദേശ വാസികള്‍ക്ക് പ്രത്യേക ഇളവുണ്ട്.
നിശ്ചിത ദൂരപരിധിയിലുള്ളവര്‍ക്ക് പോകാനും വരാനും അനുമതിയുണ്ട്. പക്ഷെ, അത് വരുന്ന രണ്ട് ടോള്‍പ്ലാസകളിലും ഉണ്ടോ എന്നതില്‍ ആശയക്കുഴപ്പം നില്‍ക്കുകയാണ്. ദേശീയപാത അതോറിറ്റി ചട്ടം അനുസരിച്ച് സര്‍വീസ് റോഡില്ലാത്ത ടോള്‍ പ്ലാസയുടെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരുടെ വാഹനങ്ങള്‍ക്ക് ആ പ്ലാസയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഓച്ചിറയിലും പാരിപ്പള്ളിയിലും സര്‍വീസ് റോഡ് ഇല്ലാത്തതു കൊണ്ട് ഇളവ് ഈ മേഖലയില്‍ ഉള്ളവര്‍ക്ക് ലഭിച്ചേക്കും. പാരിപ്പള്ളി ടോള്‍ പ്ലാസയിലെ സൗജന്യ യാത്രക്കാരുടെ പട്ടികയില്‍ നാട്ടുകാരെ ഒഴിവാക്കിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാല്‍, 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരുടെ വാഹനങ്ങള്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്ത് ലോക്കല്‍ റസിഡന്‍ഷ്യല്‍ പാസ് നേടിയ ശേഷമാണ് സൗജന്യ യാത്ര അനുവദിക്കുന്നത്. ഈ പാസിന് പ്രതിവര്‍ഷം ഏകദേശം 350 രൂപയാണ്.
വാണിജ്യ വാഹനങ്ങള്‍ക്ക് ഇളവ് അനുവദിക്കില്ലെന്നുമാണ് ചട്ടം. ലോക്കല്‍ റസിഡന്‍ഷ്യല്‍ പാസിനായി വാഹനത്തിന്റെ ആര്‍സി ബുക്ക്, ആ മേഖലയില്‍ താമസിക്കുന്നു എന്നതിന്റെ തെളിവ്. ഫാസ്റ്റാഗ് നിര്‍ബന്ധമായും ഉണ്ടാകണം എന്നുമാണു വ്യവസ്ഥ. അതേസമയം, കൊറ്റുകുളങ്ങര – കാവനാട് വരെയുള്ള റീച്ച് 2027 ഡിസംബര്‍ അവസാനവും കാവനാട് മുതല്‍ കടമ്പാട്ടുകോണം വരെയുള്ള റീച്ച് 2027 ജൂണ്‍ അവസാനവും പൂര്‍ത്തിയാക്കാന്‍ സമയക്രമം പുനഃക്രമീകരിച്ചെന്ന് കേന്ദ്ര ദേശീയപാത-റോഡ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. കൊറ്റുകുളങ്ങര – കാവനാട് 2024 ഒക്ടോബറിലും കാവനാട്-കടമ്പാട്ടുകോണം റീച്ച് കഴിഞ്ഞ മാര്‍ച്ചിലും പൂര്‍ത്തിയാകുമെന്നാണ് നേരത്തേ നിശ്ചയിച്ച സമയക്രമമെന്ന് മന്ത്രി പറഞ്ഞു.
ദേശീയപാത 66ല്‍ കൊല്ലം മേഖലയിലെ മണ്ണില്‍ തീര്‍ത്ത ഉയരപ്പാതകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി സ്വതന്ത്ര ജിയോ ടെക്‌നിക്കല്‍ ഏജന്‍സിയായ ഐഐടി ഡല്‍ഹി, ഐഐടി പാലക്കാട് എന്നിവിടങ്ങളിലെ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എംപിയെ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഉയരപ്പാതകളുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ നടത്തിയ പഠനത്തെക്കുറിച്ചും മണ്ണ് ഉയരപ്പാതകള്‍ക്ക് പകരം പില്ലറില്‍ തീര്‍ത്ത ഉയരപ്പാതകള്‍ നിര്‍മിച്ച് റോഡിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്നുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. വിശദമായ മണ്ണ് പരിശോധനകളും ബോര്‍ ഹോള്‍ പരിശോധനകളും പൂര്‍ത്തിയാക്കി. ലഭ്യമായ ഫീല്‍ഡ് പരിശോധന വിവരങ്ങളും മണ്ണിന്റെ സ്വഭാവവും അടിസ്ഥാനമാക്കി നിലവിലെ രൂപകല്‍പന പരിശോധിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.
മണ്‍ഉയരപ്പാതകള്‍ താങ്ങി നിര്‍ത്തുന്ന വശങ്ങളിലെ ഭിത്തികളുടെ രൂപകല്‍പന ഇപ്പോള്‍ പരിശോധനയിലാണ്. മണ്‍ ഉയരപ്പാതയുടെ വശങ്ങളിലെ ഭിത്തി തകര്‍ന്നു മൈലക്കാട് പ്രദേശത്ത് കരാറുകാരന്‍ സ്വന്തം ചെലവില്‍ 120 മീറ്റര്‍ നീളമുള്ള വയാഡക്റ്റ് പില്ലറില്‍ തീര്‍ത്ത ഉയരപ്പാത നിര്‍മിച്ചു വരികയാണ്. രാജ്യത്തെ എല്ലാ ദേശീയപാതകളുടെയും നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി പദ്ധതിതലത്തിലും സംസ്ഥാനതലത്തിലും കേന്ദ്രതലത്തിലും മേല്‍നോട്ട സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട കക്ഷികളുമായി ചേര്‍ന്ന് അവലോകന യോഗങ്ങള്‍ നടത്താറുണ്ടെന്നും മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.