ആലപ്പുഴ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നിയമന കോഴ നടന്നെന്ന ജി സുധാകരന്‍ എംഎല്‍എയുടെ വെളിപ്പെടുത്തലില്‍ വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം. അമ്പലപ്പുഴ മുന്‍ എംഎല്‍എ എച്ച് സലാമാണ് സുധാകരന്‍റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കിയത്. പണം വാങ്ങിയ ആളെയും കൊടുത്ത ആളുകളെയും അറിയാമെന്ന് വെളിപ്പെടുത്തിയ സുധാകരന്‍റെ മൊഴിയെടുത്ത് അന്വേഷണം നടത്തണമെന്നാണ് സിപിഎമ്മിന്‍റെ ആവശ്യം.
സുധാകരനെ വിടാതെ പിന്തുടരുകയാണ് സിപിഎം. കഴിഞ്ഞ മാസം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്തെ മെഡിക്കല്‍ കോളജില്‍ നടന്ന നിയമനങ്ങളില്‍ കോഴയാരോപണം സുധാകരന്‍ ഉന്നയിച്ചത്. ഇടത് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ആരോപണത്തില്‍ പരാതി നല്‍കാന്‍ സുധാകരനെ സിപിഎം നേതാക്കള്‍ വെല്ലുവിളിച്ചിരുന്നു.
എന്നാല്‍, സുധാകരന്‍ ഇതിന് തയാറാകാതെ വന്നതോടെയാണ് ആഭ്യന്തരമന്ത്രിയെ നേരില്‍ കണ്ട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ സലാം പരാതി നല്‍കിയിരിക്കുന്നത്. സലാമിന്‍റെ പരാതിയില്‍ ആഭ്യന്തര വകുപ്പിന്‍റെ നിലപാട് നിര്‍ണായകമാകും. അന്വേഷണം പ്രഖ്യാപിച്ചാല്‍ സുധാകരന്‍റെ മൊഴിയെടുക്കേണ്ടി വരും. അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിലും അതും സുധാകരനും സര്‍ക്കാരിനുമെതിരെ രാഷ്ട്രീയ ആയുധമാക്കാനുറച്ചാണ് സിപിഎം നീക്കം.