കാർഷിക സർവകലാശാലയുടെ ജനറൽ കൗൺസിലിലേക്ക് ഗവർണർ നടത്തിയ നാമനിർദേശത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി കൃഷിമന്ത്രി ടി. സിദ്ദിഖ്. സർവകലാശാലയുടെ പ്രോ-ചാൻസലർ എന്ന നിലയിലോ സർക്കാരിന്റെ ഭാഗമായ കൃഷിമന്ത്രി എന്ന നിലയിലോ തന്നോട് യാതൊരുവിധ കൂടിയാലോചനയും നടത്താതെയാണ് നാമനിർദേശങ്ങളിൽ പ്രത്യേക രാഷ്ട്രീയ സമീപനവും താൽപ്പര്യവും സ്വീകരിച്ചതെന്നും ഇത് ആശങ്കയുളവാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
കാർഷിക സർവകലാശാലയിൽ കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളല്ലാതെ മറ്റൊരു പ്രവർത്തനവും നടത്താമെന്ന് ആരും കരുതേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യം പൊതുസമൂഹത്തോടും ഉത്തരവാദപ്പെട്ട എല്ലാവരോടും വ്യക്തമായി അറിയിക്കുകയാണ്. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെ അവഗണിച്ച് രാഷ്ട്രീയപരമായ സമീപനത്തോടെ നടപടികൾ സ്വീകരിക്കുന്നത് ഹിതകരമായ മാർഗമല്ലെന്നും മന്ത്രി പറഞ്ഞു. ഗവർണറുടെ നടപടിയിലുള്ള അതൃപ്തി രേഖാമൂലം ഗവർണറെ അറിയിക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി.

















