മഴ മാറിനിന്നതോടെ സംസ്ഥാനത്ത് ഉയർന്ന താപനില വർദ്ധിക്കുകയും ചൂട് രൂക്ഷമാകുകയും ചെയ്യുന്നു. മിക്ക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിലും സാധാരണയേക്കാൾ രണ്ട് മുതൽ 4.7 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഇന്നലെ കൊല്ലം പുനലൂരിൽ സാധാരണയേക്കാൾ 4.7 ഡിഗ്രി സെൽഷ്യസ് വർധിച്ച് 36.2 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. കടുത്ത വെയിൽ നേരിടുന്നത് ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ചൂട് കനത്തതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണങ്ങളും വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത. മഴ കുറഞ്ഞ് താപനില ഉയർന്നതോടെ വൈദ്യുതിയുടെ ആവശ്യകതയിൽ 500 മുതൽ 600 മെഗാവാട്ട് വരെ വർധനവുണ്ടാകുമെന്നാണ് കെ.എസ്.ഇ.ബി. നൽകുന്ന മുന്നറിയിപ്പ്.
പീക്ക് സമയത്ത് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭ്യമാക്കുന്നതിനായി ഹ്രസ്വകാല കരാറിന് രണ്ട് തവണ ടെൻഡർ വിളിച്ചെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല. കടുത്ത ചൂടിന് പുറമെ വരുന്ന വൈദ്യുതി നിയന്ത്രണങ്ങൾ പൊതുജനങ്ങൾക്ക് വലിയ ഇരുട്ടടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

















