Kerala

ശബരിമല സ്വർണക്കൊള്ള: ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാനാകില്ല

ശബരിമല സ്വർണക്കൊള്ളയിൽ ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാൻ കഴിയില്ല. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ സെപ്റ്റംബർ 22-നകം കുറ്റപത്രം നൽകാനായിരുന്നു കോടതി നിർദേശം. മുൻ ദേവസ്വം അധികൃതരടക്കം 15 പേർ പ്രതികളായ ഈ കേസിൽ 13 പേർക്കെതിരേയും കുറ്റപത്രം നൽകാൻ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്. എന്നാൽ, ഇതുവരെ എസ്ഐടി(പ്രത്യേക അന്വേഷണസംഘം) പ്രോസിക്യൂഷൻ അനുമതി പോലും തേടിയിട്ടില്ല.

നേരത്തേ കേസ് പരി​ഗണിച്ചപ്പോൾ ദേവസ്വം ബോർഡ് മുൻ കമ്മീഷണർ എൻ വാസു, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ തുടങ്ങിയവർ പ്രതികളായ കട്ടിളപ്പാളി കേസിന്റെ അന്വേഷണം പൂർത്തിയായെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചിരുന്നത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അടക്കം പ്രതിയായ ദ്വാരപാലക കേസിൽ ശാസ്ത്രീയപരിശോധന ഫലമടക്കം ലഭിക്കാനുണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, മുൻ ദേവസ്വം ബോർഡ് അം​ഗങ്ങളും മുൻ സർക്കാർ ഉദ്യോ​ഗസ്ഥരും അടക്കം പ്രതികളായ കട്ടിളപ്പാളി കേസിൽ ഇവർക്കെതിരേ കുറ്റപത്രം നൽകണമെങ്കിൽ സർക്കാരിൽനിന്ന് പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്. ആഭ്യന്തരവകുപ്പും ദേവസ്വം വകുപ്പും നിയമവകുപ്പും കുറ്റപത്രം പരിശോധിച്ചശേഷമാണ് അനുമതി നൽകേണ്ടത്. എന്നാൽ, ഹൈക്കോടതി അനുവദിച്ച സമയപരിധിക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ എസ്ഐടി ഇതുവരെ പ്രോസിക്യൂഷൻ അനുമതി പോലും തേടിയിട്ടില്ല. ഈ മാസം അവസാനത്തോടെ പ്രോസിക്യൂഷൻ അനുമതി തേടാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. അതേസമയം, സെപ്റ്റംബർ 22-ന് ഹൈക്കോടതി വീണ്ടും കേസ് പരി​ഗണിക്കുമ്പോൾ കുറ്റപത്രം വൈകുന്നതിൽ എസ്ഐടി എന്ത് വിശദീകരണം നൽകുമെന്നതും ചോദ്യമാണ്.