കറിക്കാട്ടൂരിൽ റബ്ബർ തോട്ടത്തിൽ ഷിബുവിന്റെ മരണം കൊലപാതകം. സംഭവത്തിൽ മണിമല ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം ജോജി ജോൺ ഉൾപ്പെടെ ആറുപേരെ മണിമല പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ തലക്കേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായി.
സെപ്റ്റംബർ 15-ാം തീയതി വൈകീട്ടോടെയാണ് കറിക്കാട്ടൂർ സെന്ററിലെ ഒരു വീട്ടിൽ വെച്ച് ഷിബുവും പഞ്ചായത്തംഗവും അടങ്ങുന്ന സംഘം മദ്യപിച്ചത്. മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കവും കയ്യാങ്കളിയുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു.
വഴക്കിനിടയിൽ സംഘം ചേർന്ന് ഷിബുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് സെപ്റ്റംബർ 16-ാം തീയതി രാവിലെ പതിനൊന്നരയോടെയാണ് ഇയാളെ കറിക്കാട്ടൂർ അമ്പാട്ടുകുളത്തിനു സമീപത്തെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് എരുമേലി സി.ഐ. എം.ആർ.സുരേഷ് കുമാർ, എസ്.ഐ. പി.എം. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ ശക്തമായ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
സിപിഎം പഞ്ചായത്തംഗമായ ജോജി ജോൺ (42) കൂടാതെ കറിക്കാട്ടൂർ സെന്റർ സ്വദേശികളായ ഷൈജിൻ (26), നിഖിൽ (24), അമൽരാജ് (24), കിരൺ (21), ജോബിൻ (26) എന്നിവരാണ് അറസ്റ്റിലായത്.
















