മിൽമ മലബാർ മേഖല യൂണിയൻ സർക്കാർ പിരിച്ചുവിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന മിൽമ ചെയർമാൻ കെ എസ് മണിയുടെ ആരോപണങ്ങൾ തള്ളി മന്ത്രി ബിന്ദു കൃഷ്ണ രംഗത്തെത്തി. ക്ഷീരവികസന വകുപ്പിന് ലഭ്യമായ പരാതികളുടെ അടിസ്ഥാനത്തിൽ കാര്യമുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്നാണ് മന്ത്രിയുടെ പ്രതികരണം. പാൽസംഭരണത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നു. ഗുണനിലവാരം കുറഞ്ഞ പാൽ വിതരണം ചെയ്തു. എണ്ണമറ്റ ക്രമക്കേടുകൾ പ്രഥമ ദൃഷ്ടിയാൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടലെന്ന് മന്ത്രി വ്യക്തമാക്കി.
എന്ത് അഴിമതിയും കാണിച്ചിട്ട് രാഷ്ട്രീയപ്രേരിതം എന്ന കവചം തീർക്കൽ കേരളത്തിൽ നടക്കില്ലല്ലോയെന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രീയമായി ഒന്നും ചെയ്യുന്നില്ല, അവിടെ രാഷ്ട്രീയത്തിന് പ്രസക്തിയില്ല. മിൽമയുടെ നിലനിൽപ്പ്, നല്ല രീതിയിലുള്ള മുന്നോട്ടുപോക്ക് അത് മാത്രമാണ് ക്ഷീരവികസന വകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. യൂണിയൻ പിരിച്ചുവിടാൻ നേരത്തെ തീരുമാനിച്ചിരുന്നു എന്ന മുൻ മിൽമ ചെയർമാന്റെ വാദവും മന്ത്രി തള്ളി. ക്ഷീരവികസന വകുപ്പിന് ലഭ്യമായ പരാതികളുടെ അടിസ്ഥാനത്തിൽ കാര്യമുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. തുടർനടപടികൾ നിയമപരമായിട്ട് തന്നെ മുന്നോട്ടു പോകും. സർക്കാരിന്റെ കാര്യമായ ഇടപെടൽ അക്കാര്യത്തിൽ ആവശ്യമില്ല, ഡിപ്പാർട്ട്മെന്റ് തലത്തിൽ അന്വേഷണം ഉണ്ടാകും.
മിൽമ മലബാർ, തിരുവനന്തപുരം യൂണിയനുകൾ പിരിച്ചുവിട്ടതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ചെയർമാൻ കെഎസ് മണി. മലബാർ, തിരുവനന്തപുരം യൂണിയനുകൾ പിരിച്ചുവിട്ടതിന് പിന്നിൽ ദുരൂഹതയെന്ന് കെ. എസ് മണി ആരോപിച്ചു. പിരിച്ചുവിടൽ യൂണിയനുകൾ പിടിച്ചെടുക്കാനുള്ള കോൺഗ്രസ് ശ്രമത്തിന്റെ ഭാഗം. മലബാർ യൂണിയനിൽ ഒരു രൂപയുടെ പോലും അഴിമതി നടന്നിട്ടില്ലെന്നും കെഎസ് മണി പറഞ്ഞു. ഫെഡറേഷൻ പിടിച്ചെടുക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് മിൽമ യൂണിയനുകൾ പിരിച്ചുവിടുന്നത്. കോട്ടയത്ത് വൻ തോതിൽ അഴിമതി നടന്നു എന്ന വിവരങ്ങൾ പുറത്തുവന്നിട്ടും എറണാകുളം യൂണിയൻ പിരിച്ചുവിടുന്നില്ലെന്നും അദേഹം ചൂണ്ടിക്കാട്ടി.















