News

സിപിഎമ്മിൽ തിരുത്തൽ നടപടികൾക്ക് തുടക്കം; തിരുവനന്തപുരത്ത് വി. ജോയിക്ക് മാറ്റം, കണ്ണൂരിൽ കെ.കെ. രാഗേഷിനെതിരെ നടപടിക്ക് സാധ്യത

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടികൾക്ക് പിന്നാലെ നടപ്പിലാക്കുന്ന തിരുത്തൽ നടപടികൾ ഓരോ ജില്ലകളിലേക്ക് നീളുമെന്ന സൂചന നൽകി സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇക്കാര്യം എംഎ ബേബി വിശദീകരിച്ചത്. പാർട്ടി കനത്ത തിരിച്ചടി നേരിട്ട ജില്ലകളിൽ ആവശ്യമെങ്കിൽ ജില്ലാ സെക്രട്ടറിയേറ്റും കമ്മിറ്റിയും പുന:സംഘടിപ്പിക്കുമെന്നാണ് വിവരം.

തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയെ മാറ്റും. പാർട്ടി മാനദണ്ഡത്തിന് വിരുദ്ധമായി നിയമിക്കപ്പെട്ടെന്നതിന്റെ അടിസ്ഥാനത്തിലാണിത്. മത്സരിക്കുന്നതിന് മുമ്പ് ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന മാനദണ്ഡം തിരുവനന്തപുരത്ത് പാലിക്കപ്പെട്ടിട്ടില്ലെന്ന വിമർശനം വിശാല സംസ്ഥാന സമിതിയിലുണ്ടായിരുന്നു. അങ്ങനെ വന്നാൽ കെഎസ് സുനിൽകുമാർ, എഎ റഹീം എന്നിവരിൽ ഒരാളെ പരിഗണിച്ചേക്കും.

നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ട കണ്ണൂരിൽ ജില്ലാ സെക്രട്ടറി കെകെ രാഗേഷിനെതിരെ നടപടി വരും. രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങൾ വിമതരായി മത്സരിച്ച് ജയിച്ച ജില്ലയാണ് കണ്ണൂർ. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സ്ഥിരമായി ഒഴിവാക്കാൻ സാദ്ധ്യതയില്ലെങ്കിലും പരസ്യ ശാസനയുണ്ടാകും. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പാർട്ടിക്കുള്ളിൽ ശാസിക്കാൻ പിബി തീരുമാനിച്ചത് വീഴ്ച വരുത്തിയ സെക്രട്ടറിമാർക്കെതിരെയും നടപടിയുണ്ടാകുമെന്ന സന്ദേശം കൂടി നൽകാനാണ്.