മാസപ്പടി ഇടപാടിൽ കേസ് രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ അന്തിമ തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടായേക്കും. കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനായി അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമോപദേശം സർക്കാർ നിലവിൽ വിശദമായി പരിശോധിച്ചുവരികയാണ്.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ എഫ്ഐആറിന് മുൻപായി വിജിലൻസ് തലത്തിൽ പ്രാഥമിക അന്വേഷണം നടത്തുകയോ ചെയ്യാമെന്നാണ് എജി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഇതിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിനാണ് സർക്കാർ കൂടുതൽ മുൻഗണന നൽകുന്നത്.
പ്രാഥമിക പരിശോധനയിൽ തൃപ്തികരമായ തെളിവുകൾ ലഭിക്കുകയാണെങ്കിൽ മാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിലേക്ക് കടക്കാനാണ് നീക്കം. വിഷയം സംബന്ധിച്ച് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും തമ്മിൽ നിർണായക ചർച്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.