വ്യാജ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ ടോം എം. ജോസഫിന് തൊഴില്‍-നൈപുണ്യ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സില്‍ (KASE) ഡയറക്ടര്‍ പദവി നല്‍കിയത് വിവാദമാകുന്നു. ഉന്നത വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് കാണിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് യുവാക്കളെ യു.എസിലേക്ക് കടത്താന്‍ ശ്രമിച്ച കേസിലാണ് ഇദ്ദേഹം 2012ല്‍ അറസ്റ്റിലായത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം രേഖകളില്‍ ഉണ്ടായിരുന്ന ‘ടോം ബേബി’ എന്ന പേര് ‘ടോം എം. ജോസഫ്’ എന്ന് മാറ്റുകയായിരുന്നു. ഇതിനു ശേഷം ജെയിന്‍ ഡീംഡ് യൂണിവേഴ്‌സിറ്റി ഡയറക്ടറായും യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേരള സര്‍ക്കാര്‍ സ്ഥാപനമായ കെ.എ.എസ്.ഇയില്‍ (KASE – Kerala Academy for Skills Excellence) ഡയറക്ടറായും ഇദ്ദേഹം നിയമിക്കപ്പെട്ടു.
വ്യാജസര്‍ട്ടിഫിക്കറ്റ് കേസിന്റെ വിചാരണ അനന്തമായി നീളുന്നതിനിടയിലാണ് പ്രതിക്ക് ഉയര്‍ന്ന ഔദ്യോഗിക പദവികള്‍ ലഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നയപരമായ കാര്യങ്ങളില്‍ ഉള്‍പ്പെടെ ഇടപെടാന്‍ കഴിയുന്ന പദവിയിലാണ് നിയമനം നല്‍കിയിരിക്കുന്നത്. മന്ത്രി കെ എം ഷാജിയുടെ യൂറോപ്യന്‍ യാത്രയിലും ടോം ജോസഫിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. ഗുരുതരമായ കേസില്‍ അറസ്റ്റിലായ ഒരാള്‍ക്ക് ഇത്തരമൊരു നിയമനം ലഭിച്ചതുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രി വി.ഡി സതീശനുമായുള്ള ടോം ജോസഫിന്റെ ബന്ധവും പിന്തുണയും സംബന്ധിച്ചും വാര്‍ത്തകള്‍ വരുന്നുണ്ട്.
ജെയിന്‍ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന പരിപാടികളില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥിരമായി പങ്കെടുക്കുന്നു. ജൂലൈ 12ന് നടന്ന ഒരു പരിപാടിയില്‍ കരിക്കുലം പരിഷ്‌ക്കരണത്തിന് ജെയിന്‍ യൂണിവേഴ്സിറ്റി നേതൃത്വം നല്‍കണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍പ്രസംഗിച്ചിരുന്നു. 2018ലാണ് ടോം ജോസഫ് ജെയിന്‍ യൂണിവേഴ്സിറ്റി ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്. യൂണിവേഴ്സിറ്റിയുടെ രേഖകളിലും പേര് ടോം എം. ജോസഫ് എന്നാണുള്ളത്. കെ.എ.എസ്.ഇയിലെ ഡയറക്ടര്‍ നിയമനം മുന്‍കാല കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജെയിന്‍ യൂണിവേഴ്സിറ്റിയിലെ അദ്ദേഹത്തിന്റെ പദവി എന്നിവയാണ് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത്.
വ്യാജ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ചമച്ച് യുവാക്കളെ യുഎസിലേക്ക് കടത്താന്‍ ശ്രമിച്ചത് കണ്ടെത്തിയത് ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റാണ്. സര്‍ട്ടിഫിക്കറ്റുകള്‍ വെരിഫൈ ചെയ്യുമ്പോള്‍ കണ്ടെത്തിയ തകരാറുകള്‍ സൂക്ഷ്മമായി പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് വ്യാജമെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കോണ്‍സുലേറ്റ് നിര്‍ദ്ദേശപ്രകാരം റെയ്ഡ് നടത്തിയാണ് ടോമിനെ അറസ്റ്റ് ചെയ്തതും. തൃക്കാക്കര പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ ഇപ്പോഴും നീളുകയാണ്. ഇതിനിടയിലാണ് യു.ഡി.എഫ് സര്‍ക്കാര്‍ പ്രതിയെ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആക്കിയത്.
ചെയര്‍പേഴ്സണും ഒന്പത് ഡയറക്ടര്‍മാരുമാണ് ബോര്‍ഡില്‍. ഏഴ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമേ വി.ടി ബല്‍റാം എം.എല്‍.എയും ടോമും മാത്രമാണ് പുറത്തു നിന്നുള്ളത്. ബോര്‍ഡിലെ ഏക സ്വകാര്യ സ്ഥാപന പ്രതിനിധിയാണ് ടോം. ഇയാള്‍ ഡയറക്ടറായ സര്‍വകലാശാല അടുത്തിടെ സംഘടിപ്പിച്ച ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തിരുന്നതും കൂടുതല്‍ അടുപ്പമുണ്ടെന്നതിന് ഉദാഹരണമായി ചൂണ്ടിക്കാിക്കപ്പെടുന്നുണ്ട്.