കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പശ്ചിമ ബംഗാൾ സന്ദർശനവേളയിൽ ഔദ്യോഗിക യോഗങ്ങളിൽ നിന്നും പ്രോട്ടോക്കോൾ ചുമതലകളിൽ നിന്നും മുതിർന്ന മുസ്ലിം ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ മാറ്റിനിർത്തിയെന്ന പരാതിയിൽ പശ്ചിമ ബംഗാൾ സർക്കാരിനോട് ദേശീയ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി.
തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര നൽകിയ പരാതിയിലാണ് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകിയത്.
സെപ്റ്റംബർ 18ന് മഹുവ മൊയ്ത്ര സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, സെപ്റ്റംബർ 21-നാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഡെപ്യൂട്ടി സെക്രട്ടറി ഹരീഷ് കുമാർ പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി മനോജ് കുമാർ അഗർവാളിന് കത്തയച്ചത്.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ അമിത് ഷാ നടത്തിയ ബംഗാൾ സന്ദർശനങ്ങളിൽ മുതിർന്ന മുസ്‌ലിം ഉദ്യോഗസ്ഥർക്കെതിരെ മതപരമായ വിവേചനം കാട്ടിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
വിഷയം കമ്മീഷൻ പരിഗണിച്ചതായും സംസ്ഥാന സർക്കാർ ഇതിന് കൃത്യമായ മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും കൃഷ്ണനഗർ എംപിയായ മഹുവ മൊയ്ത്ര വ്യക്തമാക്കി.
ശിലിഗുരി പൊലീസ് കമ്മീഷണർ സയ്യിദ് വഖാർ റാസ, പശ്ചിമ ബംഗാൾ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) മേധാവി ജാവേദ് ഷമീം, ഫയർ ആൻഡ് എമർജൻസി സർവീസസ് ഡിപ്പാർട്ട്‌മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി ഖലീൽ അഹമ്മദ് എന്നീ മൂന്ന് ഉദ്യോഗസ്ഥരെ അമിത് ഷായുടെ ഔദ്യോഗിക പരിപാടികളിൽ നിന്ന് തുടർച്ചയായി ഒഴിവാക്കിയെന്നാണ് മഹുവ മൊയ്ത്രയുടെ പരാതി. ജൂലൈ 18, 19 തീയതികളിലും ആഗസ്റ്റ് 20 മുതൽ 22 വരെയുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശനങ്ങളിലാണ് സംഭവങ്ങൾ ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു.
ജൂലൈ 18-ന് ശിലിഗുരിയിൽ നടന്ന അതിർത്തി സുരക്ഷാ അവലോകന യോഗത്തിൽ പങ്കെടുക്കാനെത്തിയ ശിലിഗുരി പൊലീസ് കമ്മീഷണർ സയ്യിദ് വഖാർ റാസയോട് യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടു.
ഔദ്യോഗിക പ്രോട്ടോക്കോൾ പട്ടികയിൽ നിന്ന് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കുകയും അമിത് ഷായെ യാത്രയയക്കുന്ന ഉദ്യോഗസ്ഥരുടെ നിരയിൽ നിൽക്കാൻ അനുവദിച്ചില്ലെന്നും പരാതിയുണ്ട്.
ഇതേ യോഗത്തിൽ പങ്കെടുക്കാൻ എസ്ടിഎഫ് മേധാവി ജാവേദ് ഷമീമിനും അനുമതി ലഭിച്ചില്ല. പകരം മറ്റൊരു ഉദ്യോഗസ്ഥനാണ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിനെ പ്രതിനിധീകരിച്ചത്.
ജൂലൈ 19-ന് കൊൽക്കത്തയിൽ നടന്ന ക്രമസമാധാന-ദുരന്തനിവാരണ യോഗത്തിൽ എത്തിയ അഡീഷണൽ ചീഫ് സെക്രട്ടറി ഖലീൽ അഹമ്മദിനോട് പുറത്തുപോകാൻ ആവശ്യപ്പെട്ടെന്നും ജാവേദ് ഷമീമിനെ വീണ്ടും ഒഴിവാക്കിയെന്നും ആരോപണമുണ്ട്.
ആഗസ്റ്റിലെ സന്ദർശന വേളയിലും സയ്യിദ് വഖാർ റാസയെ ശിലിഗുരിയിലെ സുരക്ഷാ യോഗത്തിൽ നിന്നും ജാവേദ് ഷമീമിനെ പുതിയ ക്രിമിനൽ നിയമങ്ങളുമായി ബന്ധപ്പെട്ട പ്രദർശനത്തിൽ നിന്നും മാറ്റിനിർത്തിയതായി പരാതിയിൽ പറയുന്നു.
യോഗങ്ങളിലെ വിഷയങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട ചുമതലകൾ വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥരെ തുടർച്ചയായി ഒഴിവാക്കിയത് പ്രോട്ടോക്കോൾ വീഴ്ചയായി മാത്രം കാണാനാവില്ലെന്നും, ഇവരുടെ പൊതുവായ ഘടകം മതമാണെന്നും മഹുവ മൊയ്ത്ര ആരോപിച്ചു.