Chicken Recipe

ദിവസവും ഒരേ ഭക്ഷണം കഴിച്ച് മടുത്തോ? എളുപ്പത്തിൽ ഉണ്ടാക്കാം രുചികരമായ ‘ചിക്കൻ കുസ്ക’!

ദിവസവും ഒരേ വിഭവങ്ങൾ കഴിച്ച് മടുക്കുന്നവർക്ക് ഭക്ഷണക്രമത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് ആശ്വാസകരമാണ്. കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതും ഏറെ രുചികരവുമായ ‘ചിക്കൻ കുസ്ക’ ആണ് ഇന്നത്തെ വെറൈറ്റി വിഭവം.

ചേരുവകൾ:

ജീരകശാല അരി – മൂന്ന് കപ്പ്
മിൻസ്ഡ് ചിക്കൻ – 250 ഗ്രാം
സവാള – ഒന്ന്
തക്കാളി – ഒന്ന്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – രണ്ട് ടേബിൾ സ്പൂൺ
പച്ചമുളക് ചതച്ചത് – ഒരു ടേബിൾ സ്പൂൺ
തൈര് – കാൽ കപ്പ്
പുതിന ഇല – കാൽ കപ്പ്
നെയ്യ് – ഒരു ടേബിൾസ്പൂൺ
ഉപ്പ്, എണ്ണ – ആവശ്യത്തിന്
പട്ട – ഒരിഞ്ചു നീളം
ഗ്രാമ്പു, ഏലക്ക, തക്കോലം, ജാതിപത്രി – മൂന്ന് വീതം
പെരുംജീരകം – ഒരു ടേബിൾസ്പൂൺ
സാജീരകം – അര ടീസ്പൂൺ
കസ്‌കസ് – അര ടീസ്പൂൺ
കാശ്മീരി മുളക് – മൂന്ന്
മഞ്ഞൾപൊടി – അര ടീസ്പൂൺ
മുളകുപൊടി – ഒരു ടീസ്പൂൺ
മല്ലിപ്പൊടി – മൂന്ന് ടീസ്പൂൺ
മല്ലിയില – അരക്കപ്പ്

തയ്യാറാക്കുന്ന വിധം

പട്ട, ഗ്രാമ്പു, ഏലക്ക, തക്കോലം, ജാതിപത്രി, പെരുംജീരകം, സാജീരകം, കസ്‌കസ്, കാശ്മീരി മുളക് എന്നിവ തരിയായി പൊടിച്ചു വെക്കുക. ശേഷം കുക്കറിൽ എണ്ണ ചൂടാക്കി സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക. പിന്നീട് തക്കാളി, മല്ലിയില എന്നിവ അരച്ചെടുത്ത് ചേർത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റുക. ഇനി എല്ലാ പൊടികളും ചേർക്കാം. നന്നായി വഴറ്റിയതിനുശേഷം തൈര് ചേർത്ത് യോജിപ്പിക്കാം. ആവശ്യത്തിന് ഉപ്പും ചിക്കനും ചേർത്ത് യോജിപ്പിക്കുക. ചെറുതീയിൽ പത്തു മിനിറ്റ് മൂടിവെച്ച് വേവിച്ച ശേഷം നാലര കപ്പ് വെള്ളം ചേർക്കുക. തിളയ്ക്കുമ്പോൾ അരി ചേർത്ത് ആവശ്യത്തിന് ഉപ്പും പുതിനയും ചേർത്ത് കുക്കർ മൂടി ചെറുതീയിൽ ഒരു വിസിൽ വരുന്നത് വരെ വെക്കുക. പ്രഷർ പോയതിനുശേഷം നെയ്യും ചേർക്കുക. ചൂട് ആറുമ്പോൾ ഇളക്കി യോജിപ്പിച്ച് വിളമ്പാം.