Kerala

വോട്ടർ പട്ടികയിലെ ഒഴിവാക്കൽ: കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിർദേശം

പ്രത്യേക സമഗ്ര പുനഃപരിശോധന (SIR) പൂർത്തിയായ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവരെ തിരികെ ഉൾപ്പെടുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിർദേശം. അർഹരായ ഒരു വോട്ടർ പോലും പട്ടികയിൽ നിന്ന് പുറത്തുപോകരുത് എന്ന് കമ്മീഷൻ സംസ്ഥാന ഇലക്ടറൽ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.

പഴയ പട്ടികയും പുതിയ പട്ടികയും താരതമ്യം ചെയ്ത് ഒഴിവായവരെ കണ്ടെത്താനും നിർദേശത്തിൽ പറയുന്നു. ഇവരുടെ വീടുകളിൽ ഉൾപ്പെടെ പോയി ഫോം സിക്സ് വഴി വോട്ടർ പട്ടികയിൽ ചേർക്കണം.

എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ പഴയ ഫോം സിക്സ് ആകും ഉപയോഗിക്കുക. എസ്ഐആർ നടക്കുന്ന മഹാരാഷ്ട്രയിൽ വോട്ടർമാരെ ഒഴിവാക്കാൻ ധൃതി കാണിക്കരുത് എന്ന് ഉദ്യോഗസ്ഥരോട് കമ്മീഷൻ അറിയിച്ചു.

സംശയത്തിന്റെ പേരിൽ മാത്രം ലിസ്റ്റിൽ നിന്ന് ആരെയും ഒഴിവാക്കി നിർത്തരുത് എന്നാണ് നിർദേശം.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ചർച്ച ചെയ്യുന്ന പാർലമെന്ററി സമിതി സുപ്രീംകോടതിയിലേക്കുള്ള സന്ദർശനം മാറ്റിവെച്ചു. ചൊവ്വാഴ്ച നടത്താനിരുന്ന സന്ദർശനമാണ് സമിതി മാറ്റിയത്.