Crime

യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തി മുങ്ങി; 7 വർഷത്തിന് ശേഷം പ്രതിയെ പൊക്കി പോലീസ്

അയൽവാസിയായ യുവതിയുടെ മുഖത്ത് ആസിഡൊഴിച്ച് ഗുരുതരമായി പൊള്ളിച്ച കേസിൽ ഏഴ് വർഷമായി പോലീസിനെ വെട്ടിച്ച് ഒളിവിലായിരുന്ന പ്രതി ഒടുവിൽ പിടിയിൽ. ചോക്കാട് ഉദരംപൊയിൽ കിടങ്ങയത്ത് വീട്ടിൽ ഷബീറിനെ (32) ആണ് പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

2019ല്‍ നടന്ന സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് കടന്ന പ്രതി വര്‍ഷങ്ങളായി അന്വേഷണ സംഘത്തെ വെട്ടിച്ച് കഴിയുകയായിരുന്നു. സംഭവത്തിന് പിന്നാലെ കരുവാരക്കുണ്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ യുവതിയുടെ മുറിവില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഉപയോ​ഗിച്ച് നടത്തിയ രാസപരിശോധനയിലാണ് സള്‍ഫ്യൂരിക് ആസിഡിന്റെ അംശം കണ്ടെത്തിയത്. ഇതോടെ ആക്രമണത്തിന് ഉപയോഗിച്ചത് ആസിഡാണെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിക്കുകയായിരുന്നു.

കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് കടന്ന ഷബീര്‍ അടുത്തിടെ നാട്ടില്‍ തിരിച്ചെത്തിയതായി പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എറണാകുളത്ത് ഒളിവില്‍ കഴിയുകയാണെന്ന് കണ്ടെത്തി. വീണ്ടും വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പോലീസ് ഇയാളെ പിടികൂടിയത്.

പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ് നടത്തിയതെന്ന് പോലീസ് അറിയിച്ചു. പാണ്ടിക്കാട് സി.ഐ സി.കെ. നാസറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കരുവാരക്കുണ്ട് സ്റ്റേഷനിലെ എ.എസ്.ഐ ബിന്ദു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഡാനിയല്‍, ഉജേഷ്, ധന്യേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.