Celebrities

1.77 കോടിയുടെ നഷ്ടപരിഹാരം ലഭിക്കുമോ? രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ? അപവാദപ്രചാരണങ്ങൾക്ക് തെളിവുകളോടെ മറുപടി നൽകി രേണു സുധി!

വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത സിനിമ – ടെലിവിഷൻ നടൻ കൊല്ലം സുധിയുടെ ആശ്രിതർക്ക് 1.77 കോടിയോളം രൂപ നഷ്ടപരിഹാരം നൽകാനാണ് കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ (എംഎസിടി) ഉത്തരവിട്ടത്. സുധിയുടെ രണ്ടു മക്കള്‍ക്കും ഭാര്യയ്ക്കും അമ്മയ്ക്കും ആണ് നഷ്ടപരിഹാരത്തുക ലഭിക്കുക.

എന്നാല്‍ ഈ തുക ഭാര്യയായ രേണു സുധിക്ക് ലഭിക്കില്ലെന്നും ഇരുവരും നിയമപ്രകാരം വിവാഹം ചെയ്തിട്ടില്ലെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായി. ഇതിനോട് പ്രതികരിക്കുകയാണ് രേണു സുധി.

കോട്ടയം ചങ്ങനാശേരി താലൂക്കിലെ തെങ്ങണ സബ് രജിസ്ട്രേഷന്‍ ഓഫീസില്‍ താനും സുധിയും വിവാഹം ചെയ്തതിന്‍റെ രേഖകളുണ്ടെന്ന് രേണു പറഞ്ഞു. 2017 മേയ് ഏഴിനാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. ചുമ്മാ ആര്‍ക്കും തെളിവുണ്ടാക്കാനോ കള്ളസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കോടതിയെ പറ്റിക്കാനോ പറ്റില്ല.

നിയമപരമായി കല്യാണം കഴിച്ച ഭാര്യയാണ് താന്‍. വിവാഹ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പറയുന്നവര്‍ ഫേക്കായ മനുഷ്യരാണെന്നും രേണു സുധി പറഞ്ഞു. മെയിന്‍സ്ട്രീംവണ്‍ എന്ന യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രേണു സുധിയുടെ പ്രതികരണം.

ചികിത്സയുടെ സമയത്ത് പണം ലഭിക്കുന്നത് വലിയ ആശ്വാസമാണെന്നും ഇത് സുധി ചേട്ടന്‍റെ കരുതലായാണ് തോന്നുന്നതെന്നും രേണു പറയുന്നു. ‘സുധി ചേട്ടന്‍ മരിച്ചിട്ട് നാലാമത്തെ വര്‍ഷമാണ്.  ഈ സമയത്താണ് അസുഖം വന്നത്. ചികിത്സ നടക്കുമ്പോള്‍ പണം കിട്ടിയത് വലിയ ആശ്വാസമാണ്. 1.77 കോടി രൂപ അര്‍ഹതപ്പെട്ട നാലുപേര്‍ക്ക് കിട്ടും. എന്നുകിട്ടും എന്നറിയില്ല’ എന്നും രേണു വ്യക്തമാക്കി.

അര്‍ബുദബാധിതയായ രേണു സുധി തന്‍റെ ചികിത്സയുടെ കാര്യങ്ങളെ പറ്റിയും സംസാരിച്ചു. കീമോ പൂര്‍ത്തിയായെന്നും ഇനി സര്‍ജറിക്കു ശേഷം പതോളജി റിപ്പോര്‍ട്ട് അനുസരിച്ചാകും തുടര്‍ ചികിത്സയെന്നും രേണു സുധി പറഞ്ഞു.

2023 ജൂൺ 5ന് പുലർച്ചെ വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുന്നതിനിടെ തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ച് കാർ പിക്കപ് വാനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സുധി മരണപ്പെടുന്നത്. 1,41,09,840 രൂപയാണ് ട്രൈബ്യൂണൽ വിധിച്ചത്.

കേസ് ഫയൽ ചെയ്ത ദിവസം മുതൽ തുക കെട്ടിവയ്ക്കുന്ന നാൾ വരെ 8.5% പലിശയും ഉൾപ്പെടെ ചേരുമ്പോഴാണ് ആകെ തുക 1. 77 കോടി രൂപയോളമായി ഉയരുന്നത്.