തിരുവനന്തപുരം: ട്രഷറിയിൽ പണമില്ലാത്ത ഘട്ടങ്ങളിൽ സംസ്ഥാനങ്ങൾ റിസർവ് ബാങ്കിന്റെ ഓവർ ഡ്രാഫ്റ്റ് (ഒ.ഡി.) സംവിധാനത്തെ അമിതമായി ആശ്രയിക്കുന്നത് നിയന്ത്രിക്കാൻ പുതിയ നിർദേശങ്ങളുമായി റിസർവ് ബാങ്ക് ഉപദേശക സമിതി. നിലവിൽ തുടർച്ചയായി 14 ദിവസം വരെ ഒ.ഡിയിൽ തുടരാൻ കഴിയുമെങ്കിൽ ഇത് 10 ദിവസമായി കുറയ്ക്കണമെന്നാണ് സമിതിയുടെ പ്രധാന ശുപാർശ.
ഒരു സാമ്പത്തികവർഷത്തിലെ ഒരു പാദത്തിൽ ആകെ 36 ദിവസം വരെ ഒ.ഡി. ഉപയോഗിക്കാനുള്ള നിലവിലെ പരിധിയും 30 ദിവസമായി കുറയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്. കർണാടക മുൻ അഡീഷണൽ ചീഫ് സെക്രട്ടറി എസ്.എൻ. പ്രസാദ് അധ്യക്ഷനായ സമിതിയാണ് ശുപാർശകൾ നൽകിയത്. കേരള ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലും സമിതിയിലെ അംഗമാണ്.
സാമ്പത്തികപ്രതിസന്ധി നേരിടാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാതെ സംസ്ഥാനങ്ങൾ റിസർവ് ബാങ്കിന്റെ വായ്പാ സൗകര്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുകയാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യമെന്ന് സമിതി വ്യക്തമാക്കി. നിർദേശങ്ങൾ നടപ്പായാൽ റിസർവ് ബാങ്കിൽനിന്നുള്ള വേയ്‌സ് ആൻഡ് മീൻസ് വായ്പയും ഒ.ഡി.യും കൂടുതലായി ആശ്രയിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ ഇത് ബാധിച്ചേക്കും.