മുന്നണിയിലും പാർട്ടിയിലും നയപരമായ തീരുമാനങ്ങളെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങൾ പുകയുന്നതിനിടെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ഡൽഹിയിലെത്തി. മുഖ്യമന്ത്രി വി.ഡി സതീശൻ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവരാണ് ദേശീയ നേതൃത്വത്തെ നേരിൽ കണ്ട് ചർച്ച നടത്തുന്നതിനായി തലസ്ഥാനത്തെത്തിയിരിക്കുന്നത്.
ഏകപക്ഷീയ നിലപാടുകളിൽ അതൃപ്തി വ്യക്തമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ട് ഔദ്യോഗികമായി പരാതി അറിയിച്ചിരുന്നു.
മുന്നണിയിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും തീരുമാനങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിമർശനം. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി വി.ഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഡൽഹിയിലെത്തിയത്.
ഡൽഹിയിൽ തുടരാൻ സണ്ണി ജോസഫിന് ഹൈക്കമാൻഡ് നിർദേശം നൽകിയിട്ടുണ്ട്. വിഷയത്തിൽ മൂവരുമായും ഹൈക്കമാൻഡ് നടത്തുന്ന ചർച്ചകൾ പാർട്ടിയിലും മുന്നണിയിലുമുള്ള പ്രശ്നപരിഹാരത്തിൽ നിർണായകമാകും.















