ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി ചിത്ര പി. അരുണിമയെ സസ്പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ശരിവെച്ചു. സസ്പെന്‍ഷന്‍ ഉത്തരവ് ചോദ്യം ചെയ്ത് ഉദ്യോഗസ്ഥ നല്‍കിയ ഹരജി ട്രൈബ്യൂണല്‍ തള്ളി. സുഗതന് അവധി ലഭിക്കാന്‍ അനുകൂല നിലപാട് സ്വീകരിച്ച ചിത്ര പി. അരുണിമ, മന്ത്രിയുടെ വ്യക്തമായ നിര്‍ദേശം മറികടന്നെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. വകുപ്പുമന്ത്രിയുടെയും സെക്രട്ടറിയുടെയും നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ഫയലില്‍ തിരിമറി നടത്തുകയും അധികാര ദുര്‍വിനിയോഗം നടത്തിയെന്നുമാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. തനിക്കെതിരെയുള്ള നടപടി ചട്ടവിരുദ്ധമാണെന്ന് കാട്ടിയാണ് ഉദ്യോഗസ്ഥ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ വാദങ്ങളും രേഖകളും പരിശോധിച്ച് സസ്പെന്‍ഷന്‍ നടപടി ന്യായമാണെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കുകയായിരുന്നു.















