സി.പി.എം പാലക്കാട് സെക്രട്ടറിക്കെതിരെ അഭിഭാഷക നല്‍കിയ പീഡന പരാതി പോലീസിന് കൈമാറാതെ അഞ്ച് മാസം പോക്കറ്റിലിട്ട് നടന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കേസ് എടുക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം.പി പരാതി കിട്ടുമ്പോള്‍ എം.വി. ഗോവിന്ദന്‍ ജനപ്രതിനിധിയാണ്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ഗോവിന്ദന്‍ ചെയ്തത് നിയമപരമായും ധാര്‍മ്മികമായും തെറ്റാണ്. കയ്യില്‍ കിട്ടിയ പരാതി പൊലീസിന് കൈമാറാതെ പീഡനവീരനായ പ്രതിയെ വിളിച്ചുവരുത്തി വായിച്ച് കേള്‍പ്പിച്ചത്, ഭരണഘടനാവിരുദ്ധവും പോലീസ് ക്രിമിനല്‍ ചട്ടങ്ങള്‍ക്ക് എതിരുമാണ്.
അഭിഭാഷകയെ പീഡിപ്പിച്ച സി.പി.എം. ജില്ലാ സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയത് കൊണ്ട് പ്രശ്‌നം തീരില്ല. ഇയാളെ പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കാന്‍ പത്ത് വര്‍ഷം ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന പിണറായി വിജയന്‍ തയ്യാറാകണം. പീഡനകഥകള്‍ വിശദമാക്കുന്ന കത്ത് ഒളിപ്പിക്കുകയും പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഗോവിന്ദനെതിരെ ആഭ്യന്തരവകുപ്പ് കേസ് എടുക്കണം. സിപിഎമ്മിന് കോടതിയും, പോലീസും, അന്വേഷണവും ഉണ്ടെന്ന് പറഞ്ഞ് സ്ത്രീ പീഡന കേസുകള്‍ ഒതുക്കാന്‍ കഴിയില്ല. വ്യക്തമായ പരാതിയില്ലാതെ, കേട്ട് കേഴ്വിയുടെ അടിസ്ഥാനത്തില്‍, മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ നിരവധി കേസുകള്‍ എടുത്തിട്ടുണ്ട്. സുരേഷ് ബാബുവിനും ഗോവിന്ദനുമെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ട്. ഇവര്‍ക്കെതിരെ കേസ് എടുക്കാന്‍ പിണറായി തന്നെ ആവശ്യപ്പെടണമെന്ന് ജെബി മേത്തര്‍ പറഞ്ഞു.















