UAE

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി

അബുദാബി: യുഎഇയിലെ പ്രമുഖ കമ്മ്യൂണിറ്റി മാധ്യമ പ്ലാറ്റ്‌ഫോമായ ലവിൻ അബുദാബിയുടെ ഈ വർഷത്തെ ജനകീയ പുരസ്കാരങ്ങളിൽ ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും അഭിമാന നേട്ടം. ജീവകാരുണ്യ മേഖലയിലെ മികച്ച ഇടപെടലുകൾക്കുള്ള ‘ചാരിറ്റബിൾ ആക്ട് ഓഫ് ദി ഇയർ’ പുരസ്കാരത്തിന് ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനായ ഡോ. ഷംഷീർ വയലിൽ അർഹനായപ്പോൾ, വാണിജ്യ രംഗത്തെ മികച്ച നേട്ടങ്ങൾക്കുള്ള ‘ലവിൻ ബിസിനസ് വിഷനറി’ പുരസ്കാരം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി സ്വന്തമാക്കി. പൂർണ്ണമായും ജനകീയ വോട്ടെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിച്ചത് പുരസ്കാരങ്ങളുടെ തിളക്കമേറ്റുന്നു.

തുടർച്ചയായ രണ്ടാം തവണയാണ് ലവിൻ കമ്മ്യൂണിറ്റിയുടെ ജനകീയ പുരസ്കാരം ഡോ. ഷംഷീർ വയലിലിനെ തേടിയെത്തുന്നത്. കഴിഞ്ഞ വർഷം ലവിൻ ദുബായ് അവാർഡ്സിലും അദ്ദേഹം ഇതേ വിഭാഗത്തിൽ പുരസ്കാരം നേടിയിരുന്നു. ദുബായ് എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ ഇരയായവർക്കും അവരുടെ കുടുംബങ്ങൾക്കും നൽകിയ ഒരു മില്യൺ ദിർഹത്തിന്റെ അടിയന്തര സഹായ പാക്കേജാണ് ഇത്തവണ ഡോ. ഷംഷീറിനെ പുരസ്കാരത്തിന് അർഹനാക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്. അപകടത്തിൽ പരിക്കേറ്റവർക്കും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസമായിരുന്നു ഈ സഹായം. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായത്തിന് പുറമെ, അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പൂർണ്ണ പിന്തുണയും അദ്ദേഹം ഉറപ്പാക്കിയിരുന്നു. സമൂഹത്തിലാകെ പ്രതീക്ഷയേകുന്ന മാനുഷിക ഇടപെടലാണ് ഡോ. ഷംഷീർ നടത്തിയതെന്നാണ് ലവിൻ കമ്മ്യൂണിറ്റിയുടെ വിലയിരുത്തൽ.

അബുദാബിയുടെ വാണിജ്യ മേഖലയെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുകയും നഗരത്തിന്റെ ഭാവിയെ നിർവചിക്കുന്ന ബ്രാൻഡുകൾ കെട്ടിപ്പടുക്കുന്നതിൽ നേതൃത്വം നൽകുകയും ചെയ്യുന്നവർക്കായി ഏർപ്പെടുത്തിയതാണ് ലവിൻ ബിസിനസ് വിഷനറി പുരസ്കാരം. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ. യൂസഫലിയുടെ ബിസിനസ് മികവിനുള്ള ജനകീയ അംഗീകാരമാണിത്. മിഡിൽ ഈസ്റ്റ്, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ലുലു ഹൈപ്പർമാർക്കറ്റുകളിലൂടെ ലുലു ഗ്രൂപ്പിനെ ആഗോളതലത്തിൽ ശ്രദ്ധേയമായ സ്ഥാപനമായി മാറ്റിയത് അദ്ദേഹത്തിന്റെ നേതൃമികവാണെന്ന് ലവിൻ പുരസ്കാരം വ്യക്തമാക്കുന്നു.

സമൂഹത്തിനായി നിസ്വാർത്ഥ ഇടപെടലുകൾ നടത്തുന്നവരെയും മികച്ച സംഭാവനകൾ നൽകുന്നവരെയും പൊതുജനങ്ങൾക്ക് തന്നെ നേരിട്ട് നോമിനേറ്റ് ചെയ്യാനും വോട്ട് ചെയ്യാനും അവസരം നൽകിയാണ് ലവിൻ അബുദാബി പുരസ്കാരങ്ങൾ തിരഞ്ഞെടുത്തത്. 10 കാറ്റഗറികളിലെ 50 നോമിനികളിൽ നിന്നാണ് അന്തിമ വിജയികൾ.