ആമസോണില്‍ വീണ്ടും ജീവനക്കാരുടെ കൂട്ടപിരിച്ചുവിടല്‍. യുഎസ്, ഇന്ത്യ, യുകെ എന്നിവിടങ്ങളിലായി 1,000ല്‍ താഴെ കോര്‍പ്പറേറ്റ് ജീവനക്കാരെയാണ് പുതിയതായി പിരിച്ചുവിടുന്നതെന്നാ ആമസോണിന്റെ പ്രധാന ഇ-കൊമേഴ്സ് ബിസിനസ് കൈകാര്യം ചെയ്യുന്ന ‘സ്റ്റോഴ്‌സ്’ വിഭാഗത്തിലാണ് പ്രധാനമായും ജോലി വെട്ടിക്കുറച്ചത്.കസ്റ്റമര്‍ സര്‍വീസ്, മാര്‍ക്കറ്റ്പ്ലേസ് സപ്പോര്‍ട്ട്, എന്‍ജിനീയറിങ് തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരെയും പുതിയ തീരുമാനം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെയും യുകെയിലെയും ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ സംബന്ധിച്ച അറിയിപ്പുകള്‍ ലഭിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ആരംഭിച്ച ആമസോണിന്റെ ചെലവ് ചുരുക്കല്‍ നടപടികളുടെ തുടര്‍ച്ചയാണ് പുതിയ പിരിച്ചുവിടലുകള്‍. കഴിഞ്ഞ വര്‍ഷം മുതല്‍ 2026 ജനുവരി വരെയുള്ള കാലയളവില്‍ ഏകദേശം 30,000 കോര്‍പ്പറേറ്റ് ജോലികള്‍ ആമസോണ്‍ വെട്ടിക്കുറച്ചിരുന്നു. ഇതിന് പിന്നാലെ വിവിധ വിഭാഗങ്ങളില്‍ ചെറിയ തോതിലുള്ള പിരിച്ചുവിടലുകള്‍ തുടരുകയായിരുന്നു. നിലവിലെ ഘടന ബിസിനസിന്റെ മുന്‍ഗണനകള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ സഹായിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോഴ്‌സ് വിഭാഗത്തില്‍ മാറ്റങ്ങള്‍ വരുത്തിയതെന്ന് ആമസോണ്‍ വക്താവ് അറിയിച്ചു. ബാധിക്കപ്പെട്ട ജീവനക്കാര്‍ക്ക് തുടര്‍ നടപടികളില്‍ പിന്തുണ നല്‍കുമെന്നും കമ്പനി വ്യക്തമാക്കി.
ആമസോണിന്റെ പ്രധാന ഷോപ്പിങ് പ്രമോഷനായ പ്രൈം ബിഗ് ഡീല്‍ ഡേയ്‌സ് നടക്കുന്നതിനിടെയാണ് പുതിയ പിരിച്ചുവിടല്‍ പ്രഖ്യാപനം വന്നത്. അതേസമയം ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്ക് വന്‍തോതില്‍ നിക്ഷേപം നടത്താനുള്ള നീക്കത്തിലാണ് ആമസോണ്‍. ഡാറ്റ സെന്ററുകള്‍, ചിപ്പുകള്‍, മറ്റ് എഐ അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയ്ക്കായി ഏകദേശം 220 ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപിക്കാനാണ് കമ്പനിയുടെ പദ്ധതി.
കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ഷോപ്പിങ് കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ആമസോണ്‍ വലിയ തോതില്‍ ജീവനക്കാരെ നിയമിച്ചിരുന്നു. പിന്നീട് ഡിമാന്‍ഡിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് ജീവനക്കാരുടെ എണ്ണം കുറയ്‌ക്കേണ്ടി വന്നതായാണ് ആമസോണ്‍ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ജെഫ് ബെസോസ് വിശദീകരിച്ചത്.















