മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍. ഇന്ത്യ സഖ്യ എം പിമാർ രാജ്ഘട്ടിൽ എത്തി. കൊണാട്ട് പ്ലേസിലെ റസ്റ്ററന്റില്‍ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഒരുക്കിയ ഉച്ചഭക്ഷണ വിരുന്നിൽ പങ്കെടുത്ത പ്രതിപക്ഷ എംപിമാർ രണ്ട് ബസുകളിലായാണ് രാജ്ഘട്ടിലേക്ക് പുറപ്പെട്ടത്. ഗാന്ധി സമാധിയില്‍ സമാധാനപരമായി പ്രാര്‍ഥന നടത്താന്‍ പോകുന്നുവെന്നാണ് ഖാര്‍ഗെ പ്രതികരിച്ചത്. ബസിനൊപ്പം നിരവധി പ്രവര്‍ത്തകര്‍ കാല്‍നടയായി അനുഗമിക്കുന്നുണ്ട്. രാജ്ഘട്ടിനു മുന്നില്‍ വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും അണിനിരന്നിട്ടുണ്ട്. എന്നാല്‍, രാജ്ഘട്ടില്‍ പ്രതിഷേധം നടത്തുന്നതിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
അതിനാല്‍, രാജ്ഘട്ട് യാത്രക്കിടെ എംപിമാരുടെ ബസ് പൊലീസ് തടയുമോ എന്നതാണ് പ്രധാന വിഷയം. ഇതുവരെ പൊലീസിന്റെ ഭാഗത്തുനിന്ന് അത്തരമൊരു നീക്കം ഉണ്ടായിട്ടില്ല. അതേസമയം, ഡിഡിയു മാര്‍ഗില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പ്രതിപക്ഷത്തിന്റെ സമരം. ആദ്യദിനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്തേക്കായിരുന്നു പ്രതിപക്ഷ എംപിമാരുടെ മാര്‍ച്ച്. അത് പൊലീസ് തടഞ്ഞതോടെ ആകാശവാണി വളപ്പ് കുത്തിയിരിപ്പ് സമരത്തിന് വേദിയായി. രണ്ടാം ദിവസം കൊണാട്ട് പ്ലേസില്‍ നിന്ന് ജന്തര്‍ മന്തറില്‍ എത്തി പ്രതിഷേധിക്കാനായിരുന്നു നീക്കം. എന്നാല്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു. രണ്ടു ദിവസവും പൊലീസ് എംപിമാരെ കസ്റ്റഡിയിലെടുത്ത് നീക്കിയാണ് പ്രതിഷേധത്തെ നേരിട്ടത്. ഇന്നും വലിയ സേനാ വിന്യാസമാണ് ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്. കൊണാട്ട് പ്ലേസിലും പരിസരങ്ങളും പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Story Highlights : Congress Workers Gather At Rajghat Gate















