അബുദാബിയിൽ പൊതുപാർക്കിങ് സ്ഥലങ്ങളിൽ വാഹനങ്ങൾ കഴുകുന്നതിന് അധികൃതർ സമ്പൂർണ്ണ വിലക്കേർപ്പെടുത്തി. താമസ, വില്ലാ മേഖലകളിൽ അനുമതിയില്ലാതെ അനധികൃതമായി കാർ വാഷിങ് സേവനങ്ങൾ നൽകുന്നവർക്കെതിരെ ശക്തമായ പരിശോധനയും നടപടിയും ഉണ്ടാകുമെന്ന് അബുദാബി മൊബിലിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അനുമതിയുള്ള സ്ഥലങ്ങളിൽ മാത്രം ലൈസൻസുള്ള കമ്പനികളുടെ സേവനം തേടാൻ വാഹന ഉടമകൾ ശ്രദ്ധിക്കണം.
നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി പരിശോധനകൾ കർശനമാക്കിയിട്ടുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.