Kerala

കുന്ദമംഗലത്ത് ഹോട്ടല്‍ അടിച്ച് തകര്‍ത്ത് യുവതിയെ ആക്രമിച്ച പ്രതി പിടിയില്‍

കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച് ഹോട്ടല്‍ അടിച്ച് തകര്‍ത്ത് യുവതിയെ ആക്രമിച്ച പ്രതി കോരക്കണ്ടി വീട്ടില്‍ ഉണ്ണികൃഷ്ണനെ(39) കുന്ദമംഗലം പൊലീസ് പിടികൂടി.

കഴിഞ്ഞ 9ന് രാവിലെ തൃശൂര്‍ സ്വദേശിനിയായ യുവതി ബില്ലിങ് സ്റ്റാഫ് ആയി ജോലി ചെയ്തു വരുന്ന കുന്ദമംഗലം പാലക്കൽ റസ്റ്റോറൻറിൽ പ്രതി അതിക്രമിച്ചു കയറി തന്റെ ബാഗിൽ സൂക്ഷിച്ചിരുന്ന കല്ലെടുത്ത് റസ്റ്റോറൻറിന്റെ മുൻവശത്തെ ചില്ല് കുത്തിപ്പൊട്ടിക്കുകയും റസ്റ്റോറൻറിലെ സാധന സാമഗ്രികൾ നശിപ്പിക്കുകയും, പൊട്ടിയ ഗ്ലാസ്സ് യുവതിയുടെ കഴുത്തിന് നേരെ വീശി കൊല്ലാന്‍ ശ്രമിക്കുകയുമായിരുന്നു.

തുടർന്ന് യുവതിയുടെ പരാതിയിൽ  കുന്ദമംഗലം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ കുന്ദമംഗലം വെച്ച്  കുന്ദമംഗലം പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.