‘വൈറ്റില- പാലാരിവട്ടം-ഇടടപ്പള്ളി’, ഇതു കേട്ടാല്‍ തോന്നും എറണാകുളത്തെ സ്വകാര്യ ബസിലെ കിളി റൂട്ട് വിളിച്ചു പറയുന്നതാണെന്ന്. പക്ഷെ, അല്ല. ഇത് ഒരു കൊലയാളി പയ്യന്റെ മദ്യപാനത്തിന്റെ സ്‌പോട്ടുകളാണ്. ബാറുകള്‍തോറും കയറിയിറങ്ങി മദ്യപിച്ച് മദോന്‍മത്തനായി കാറോടിച്ച് മൂന്നുപേരെ ഇടിച്ചു കൊന്ന സുഹൈലിന്റെ ബാര്‍സ്‌പോട്ടുകള്‍. കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട ഇവനെയും സംഘത്തെയും പോലീസ് പിടികൂടി മൊഴിയെടുത്തപ്പോള്‍, അമിതവേഗത്തിലാണ് താന്‍ കാറോടിച്ചിരുന്നതെന്ന് സുഹൈല്‍ സജീവ് പറഞ്ഞു. വെറും 19 വയസ്സു പാര്യമായപ്പോഴേക്കും മൂന്നു കൊലപാതകം നടത്തിയ സുഹൈല്‍ സജീവനും കുടുംബവും സമൂഹത്തിനു നല്‍കുന്ന സന്ദേശമെന്തായിരിക്കും.
പ്രതി ആലപ്പുഴ ആലിശേരി നൂഹ് മന്‍സിലില്‍ സുഹൈല്‍ സജീവ് (19) ഇപ്പോള്‍ ജയിലിലാണ്. വാഹനമോടിക്കുമ്പോള്‍ മദ്യലഹരിയിലായിരുന്നുവെന്നും എയര്‍പോര്‍ട്ട് റോഡിലൂടെ 120 കിലോമീറ്റര്‍ വേഗത്തിലാണ് വാഹനമോടിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. അപകടം ഉണ്ടാക്കുന്നതിനു മുന്‍പ് സുഹൈല്‍ 3 ബാറുകളില്‍ മദ്യപിച്ചരുന്നു. സുഹൃത്തിനൊപ്പം സുഹൈല്‍ ആദ്യം എത്തിയതു ഇടപ്പള്ളിയിലെ മാളിലേക്ക്. ഇവിടെ നിന്നിറങ്ങിയ ഇരുവരും വൈറ്റില എസ്.എ റോഡില്‍ പ്രവര്‍ത്തിക്കുന്ന ബാറില്‍ കയറി മദ്യപിച്ചു. പിന്നീടു പോയതു കേവലം മൂന്നര കിലോമീറ്റര്‍ മാത്രം അകലെ എന്‍എച്ച് ബൈപാസില്‍ പാലാരിവട്ടത്തിനു സമീപമുള്ള ബാറിലേക്ക്. ഇവിടെനിന്നു ഇടപ്പള്ളിയിലെ നക്ഷത്ര ഹോട്ടലിന്റെ ബാറിലെത്തി.
മദ്യപാനവും ഭക്ഷണവും കഴിഞ്ഞ് രാത്രി 12 മണിക്കു ശേഷമായിരുന്നു എയര്‍പോര്‍ട്ടിലേക്കുള്ള യാത്ര. അപകടസമയത്തെ കാറിന്റെ വേഗമറിയാന്‍ വിദഗ്ധ പരിശോധന നടത്തും. അപകടസമയത്ത് കാറിലുണ്ടായിരുന്ന സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. കര്‍ണാടക സുള്ള്യ കനകമജലു സുണ്ണമൂല പെല്‍ത്തടുക്ക പി.എ.ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഇയാസ് (22), വയനാട് കല്‍പ്പറ്റ മടക്കിമല സന്തോഷ്ഭവനില്‍ സന്തോഷിന്റെ മകള്‍ കെ.വി.ദേവിക (21), പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പ ഇടക്കുറിശ്ശി നീലാറ്റ മുള്ളന്‍കുഴിയില്‍ പ്രദീപിന്റെ മകള്‍ എം.പി.ഗോപിക (22) എന്നിവരാണു മരിച്ചത്. വിമാനത്താവള റോഡില്‍ അത്താണി എയര്‍പോര്‍ട്ട് സിഗ്‌നല്‍ കവലയ്ക്കു സമീപം പുലര്‍ച്ചെ 2 മണിയോടെയായിരുന്നു അപകടം.
അതേസമയം, 23 വയസ്സിനു താഴെ പ്രായമുള്ളയാള്‍ക്ക് മദ്യം നല്‍കിയതിനു ബാറുകള്‍ക്കെതിരെ കേസെടുത്തു. മൂന്നുപേരുടെ ദാരുണ മരണത്തിന് കാരണമായ വാഹനാപകടം സമൂഹത്തോടു ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. കേരളത്തിലെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ കോളേജ് ബസിലോ പൊതുഗതാഗത സംവിധാനങ്ങളിലോ ആണ് പഠിക്കാന്‍ പോകന്നത്. എന്നാല്‍, സുഹൈലിന് മാതാവ് വാങ്ങിക്കൊടുത്തത് ലക്ഷങ്ങള്‍ വിലയുള്ള ആഡംബര കാറായ ‘മിനി കൂപ്പര്‍’ ആണ്. പിറന്നാള്‍ സമ്മാനമെന്ന പേരില്‍ നല്‍കിയത് കാലന്റെ വാഹനമായിരന്നോ. മകനെ ചെറുപ്പത്തിലേ കൊലയയാളിയയാക്കിയത് ആരാണ്. രാജഗിരി കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ് സുഹൈല്‍ സജീവന്‍.
ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ‘ഇഹ ഡിസൈന്‍സിന്റെ’ ഉടമയാണ് മാതാവ് നൂഹ സജീവ്. ഇവരാണ് മകന് ഈ ആഡംബര വാഹനം സമ്മാനിച്ചത്. മകന്റെ ഡ്രീം കാര്‍ എന്ന് വിശേഷിപ്പിച്ച് മാതാവ് തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ആ സന്തോഷ പ്രകടനത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹത്തിന്റെ കടുത്ത വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്. പണത്തിന്റെ ധൂര്‍ത്തും ആഡംബര പ്രദര്‍ശനങ്ങളും മക്കളുടെ ജീവനെടുക്കുന്ന ഭീകരതയിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. കോളേജില്‍ പോകാന്‍ വാങ്ങിനല്‍കിയ ലക്ഷങ്ങളുടെ ആഡംബര കാര്‍ പണത്തിന്റെ ഹുങ്കില്‍ ചീറിപ്പായാനുള്ള ഉപാധിയായാണ് സുഹൈല്‍ ഉപയോഗിച്ചത്.
215 കിലോമീറ്ററിലധികം വേഗതയില്‍ കാറോടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് കയ്യടി നേടിയ ഇയാള്‍, നിയമങ്ങളെയോ സഹജീവികളുടെ ജീവന് ഒട്ടും വിലകല്പിക്കുന്നില്ല. പണവും സമ്പത്തും ഉണ്ടെങ്കില്‍ എന്തും കാണിക്കാമെന്ന അഹങ്കാരമാണ് ഈ ദുരന്തത്തിലേക്ക് നയിച്ചത്. നൈറ്റ് ഡ്രൈവുകളുടെയും മത്സരയോട്ടങ്ങളുടെയും പശ്ചാത്തലത്തില്‍ നടന്ന ഈ നര വേട്ടയില്‍ പൊലിഞ്ഞത് മൂന്ന് നിരപരാധികളുടെ ജീവനാണ്. തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തില്‍ പാര്‍ട്ട്‌ടൈം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മൂന്നുപേരാണ് മരണപ്പെട്ടത്. അപകടത്തിന് ശേഷവും പ്രതിയുടെ ഭാഗത്തുനിന്ന് യാതൊരുവിധ കുറ്റബോധവും ഉണ്ടായില്ല എന്നത് സമൂഹത്തെ ഞെട്ടിക്കുന്നതാണ്.
കാര്‍ തകര്‍ന്ന് മൂന്ന് ജീവനുകള്‍ പൊലിഞ്ഞിട്ടും ഡോറിന്റെ സെന്‍സര്‍ കേടാകുമെന്ന വിചിത്രമായ ന്യായവാദമാണ് ഇയാള്‍ നാട്ടുകാരോട് പറഞ്ഞത്. പണത്തിന്റെ ബലത്തില്‍ കേസ് ഒതുക്കാമെന്നും ‘വാപ്പ നോക്കിക്കോളും’ എന്നുമുള്ള ഇയാളുടെ ആക്രോശം പണക്കൊഴുപ്പിന്റെ പരകോടിയെയാണ് വ്യക്തമാക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ആഡംബരം ആഘോഷമാക്കുന്ന മാതാപിതാക്കളുടെയും മക്കളുടെയും അമിത സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഈ ദുരന്തം ഓര്‍മ്മിപ്പിക്കുന്നത്. നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയ പ്രതിക്കെതിരെ നരഹത്യയ്ക്ക് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.














