എറണാകുളം നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് പത്തൊമ്പതുകാരൻ ഓടിച്ച കാറിടിച്ച് മൂന്ന് പേർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസും എക്സൈസും അന്വേഷണവും നടപടികളും ശക്തമാക്കി.
കേസിലെ പ്രതി സുഹൈൽ സജീവ് അപകടത്തിന് മുൻപ് മദ്യപിച്ച മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് കേസെടുത്തു. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഇതുസംബന്ധിച്ച റിപ്പോർട്ട് ഇന്ന് എക്സൈസ് കമ്മീഷണർക്ക് സമർപ്പിക്കും.
ഈ ബാറുകളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് എക്സൈസ് കടന്നേക്കുമെന്നാണ് വിവരം.
അപകടവുമായി ബന്ധപ്പെട്ട് പ്രതി സുഹൈലിന്റെ സുഹൃത്തുക്കളായ രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുഹൈൽ മൂന്ന് ബാറുകളിൽ കയറി മദ്യപിച്ച ശേഷമാണ് നെടുമ്പാശ്ശേരിയിലേക്ക് വാഹനം ഓടിച്ചുപോയത്.
അപകടസമയത്ത് വാഹനത്തിൽ പ്രതിക്കൊപ്പം മൂന്ന് സുഹൃത്തുക്കൾ ഉണ്ടായിരുന്നതായാണ് വിവരം. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്.
അപകടം നടക്കുമ്പോൾ മിനി കൂപ്പർ കാർ മണിക്കൂറിൽ 125 കിലോമീറ്ററിലധികം വേഗതയിലായിരുന്നുവെന്ന് തെളിവെടുപ്പിനിടെ പ്രതി സമ്മതിച്ചിട്ടുണ്ട്.















