കേരള ആസൂത്രണ ബോർഡ് പരീക്ഷാ വിവാദത്തിൽ നിർണ്ണായക തീരുമാനവുമായി പി.എസ്.സി. പുനഃമൂല്യനിർണ്ണയത്തിന് ശേഷം നിലവിൽ വന്ന പുതിയ റാങ്ക് പട്ടിക പ്രകാരം ഒന്നാം റാങ്ക് നേടിയ ശ്യാം കൃഷ്ണന് നിയമന ശുപാർശ അയക്കും.
അതോടൊപ്പം, മുൻ റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരനും നിലവിൽ ഈ തസ്തികയിൽ ജോലി ചെയ്തുവരുന്നതുമായ അരുൺ ജെ. പ്രതാപിനെ തസ്തികയിൽ നിന്ന് പുറത്താക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യാനും പി.എസ്.സി തീരുമാനിച്ചു. ഇതുസംബന്ധിച്ച നടപടികൾക്കായി ഇന്ന് (ഒക്ടോബർ 12) പി.എസ്.സി യോഗം ചേരും.
ആദ്യ പട്ടികയിൽ മൂന്നാം റാങ്കിലായിരുന്ന ശ്യാം കൃഷ്ണൻ, പരാതിയെ തുടർന്ന് നടന്ന പുനഃമൂല്യനിർണയത്തിലാണ് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.
എന്നാൽ, നേരത്തെ ജോലിയിൽ പ്രവേശിച്ച അരുൺ ജെ. പ്രതാപ് പുതിയ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
58 മാർക്കിന്റെ ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതാണ് വൻ വിവാദങ്ങൾക്കും കേസിനും പുനഃമൂല്യനിർണയത്തിനും വഴിവെച്ചത്.















