കൊച്ചി : മാസപ്പടിയിലെ കേസിലെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്. കേസിലെ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായാണ് പിണറായി കോടതിയിൽ ഹർജി നൽകിയത്. ഹർജി ഇന്ന് ഉച്ചയ്ക്ക് കോടതി പരിഗണിക്കും. സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടിൽ ഇഡി സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ കത്തിന്റെ പശ്ചാത്തലത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഹർജിയിലെ പ്രധാന ആവശ്യം.
ഇന്ന് ഉച്ചയ്ക്ക് 1.45ന് ഹർജി ഡിവിഷണൽ ബെഞ്ച് പരിഗണിക്കും. കേസിൽ നിലവിൽ പിണറായി വിജയൻ കക്ഷി അല്ല. അതുകൊണ്ട് നേരിട്ട് ഹർജി നൽകാൻ അദ്ദേഹത്തിന് കഴിയില്ല. കേസിന്റെ നടപടികളുമായി മുന്നോട്ട് പോകാൻ ആദ്യം ലീവ് പെറ്റിഷൻ കോടതിയിൽ നൽകണം. അത് നിലനിൽക്കുമോയെന്ന കാര്യത്തിയിരിക്കും ഇന്ന് ആദ്യം വാദം നടക്കുക. നിലവിൽ പിണറായി വിജയൻ വിജിലൻസ് രജിസ്റ്രർ ചെയ്ത എഫ്ഐആറിനെതിരെയല്ല കോടതിയെ സമീപിച്ചിരിക്കുന്നത്. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
രണ്ടുകേസുകളാണ് മാസപ്പടി – ഹവാല ആരോപണത്തിൽ വിജിലൻസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഒന്നാമത്തേത് സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ളതാണ്. ഈ കേസിൽ പിണറായി ഒന്നാം പ്രതിയും മകൾ വീണ രണ്ടാം പ്രതിയുമാണ്. രണ്ടാമത്തെ കേസ് റിയാസ് മന്ത്രിയായിരുന്നപ്പോൾ അഴിമതിപ്പണം വിദേശത്തേക്ക് കടത്തി എന്നതാണ്. ഇതിൽ മുൻ മന്ത്രി മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും വീണ ടി രണ്ടാം പ്രതിയുമാണ്. അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്. രണ്ടുകേസുകളുടെയും അന്വേഷണത്തിനായി ഇന്ന് എസ് ഐടി രൂപീകരിക്കും.















